ഓസോൺ പാളിയിലെ വിള്ളലിന്റെ വലുപ്പം കുറഞ്ഞെന്ന്‌ നാസ


OCTOBER 23, 2019, 12:49 AM IST

വാഷിംഗ്‌ടൺ: ഓസോൺ പാളിയിൽ അന്റാർട്ടിക്കയ്‌ക്ക്‌ മേലുള്ള വിള്ളലിന്റെ വലുപ്പം 1982ന്‌ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴെന്ന് നാസയുടെ കണ്ടെത്തൽ. 

ഉപരി അന്തരീക്ഷത്തിലെ താപനില അസാധാരണമായി കൂടിയതാണ്‌ കഴിഞ്ഞമാസവും ഈ മാസവും  വിള്ളലിന്റെ വലിപ്പം കുറഞ്ഞതിനു  കാരണമായി ഗവേഷകർ  പറയുന്നത്‌.

എന്നാൽ, ഇത്‌ ഓസോണിലെ വിള്ളൽ പൂർണമായും മാറുമെന്നതിന്റെ സൂചനയല്ല. സെപ്റ്റംബർ എട്ടിന്‌ 1.64 കോടി ചതുരശ്ര കിലോമീറ്റർ എന്ന ഏറ്റവും ഉയർന്ന വലിപ്പമുണ്ടായിരുന്ന ഓസോൺ വിള്ളൽ പീന്നീട്‌ ഒരു കോടി ചതുരശ്ര കിലോമീറ്ററിലും താഴ്‌ന്നു.

സാധാരണ കാലാവസ്ഥയിൽ സെപ്റ്റംബർ അവസാനമോ ഒക്‌ടോബർ ആദ്യമോ  ഓസോൺ ദ്വാരത്തിന്റെ  വലിപ്പം പരമാവധി  എൺപത്‌ ലക്ഷം ചതുരശ്ര മൈൽ വരെയാണ്‌ എത്തുക.

ചൂടുള്ള താപനിലയിൽ ധ്രുവങ്ങളുടെ അന്തരീഷത്തിന്റെ ഊർദ്ധ്വഭാഗത്ത്‌ മേഘങ്ങൾ രൂപപ്പെടുന്നതുകൊണ്ടാണ്‌  ഓസോണിൽ വിള്ളൽ വീഴുന്നത്‌ കുറയുന്നത്‌.  കഴിഞ്ഞ 40 വർഷത്തിനിടെ ഇത് മൂന്നാംതവണയാണ് കാലാവസ്ഥ മൂലം  ഓസോണിൽ വിള്ളൽ കുറയുന്നതെന്ന് നാസയിലെ യൂണിവേഴ്‌സിറ്റി സ്‌പെയ്‌സ് റിസർച്ച് അസോസിയേഷനിലെ അന്തരീക്ഷശാസ്ത്രജ്ഞ സൂസൻ സ്ട്രഹാൻ പറഞ്ഞു.

നാസയുടെയും നാഷണൽ ഓഷ്യാനിക്‌ അറ്റ്‌മോസ്‌ഫെറിക്‌ അഡ്‌മിനിസ്‌ട്രേഷന്റെയും ഉപഗ്രഹങ്ങളാണ് ഓസോണിനെ നിരീക്ഷിക്കുന്നത്‌.

Other News