നവാസ് ഷരീഫ് പാകിസ്താനിലേക്ക് മടങ്ങുന്നു


SEPTEMBER 15, 2023, 7:17 PM IST

ലാഹോര്‍: നാലു വര്‍ഷമായി വിദേശ വാസത്തിലുള്ള പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് നാട്ടിലേക്ക് മടങ്ങുന്നു. ഒക്ടോബര്‍ 21ന് അദ്ദേഹം ലണ്ടനില്‍ നിന്നും പാകിസ്താനിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

തിരിച്ചെത്തുന്ന നവാസ് ഷരീഫിന് ഗംഭീര സ്വീകരണം നല്‍കണമെന്ന് മകള്‍ മറിയം നവാസ് പി എം എല്‍- എന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. 

ഷരീഫ് തിരിച്ചെത്തുമ്പോള്‍ ലാഹോര്‍ വിമാനത്താവളത്തില്‍ രണ്ടു ലക്ഷം പേരെങ്കിലും സ്വീകരിക്കാന്‍ ഉണ്ടായിരിക്കണമെന്നാണ് മറിയം മോഡല്‍ ടൗണില്‍ നടന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. 

2018ല്‍ അഴിമതിക്കേസില്‍ നവാസ് ഷരീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. 2019 നവംബറിലാണ് ഷരീഫ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയത്. പക്ഷേ പിന്നീട് അദ്ദേഹം തിരിച്ചെത്തിയില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിക്കുകയാണെങ്കില്‍ 73കാരനായ നവാസ് ഷരീഫ് തന്നെയായിരിക്കും പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Other News