ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിനെതിരെ വിദ്വേഷ പ്രചാരണം


DECEMBER 1, 2021, 10:40 AM IST

കാലിഫോര്‍ണിയ: ട്വിറ്റര്‍ സി.ഇ.ഒ ആയി നിയമിതനായ ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാളിനെതിരെ ട്വിറ്ററില്‍ വിദ്വേഷ പ്രചാരണം. അഗ്രവാള്‍ ട്വിറ്ററില്‍ ജോലിക്കു വരുന്നതിന് മുന്‍പ് സ്വന്തം അക്കൗണ്ടിലിട്ട ഒരു ട്വീറ്റ് മുസ്ലീം വിരുദ്ധമെന്ന ആരോപണവുമായാണ് ക്യാമ്പെയ്ന്‍ നടക്കുന്നത്.

2010 ഒക്ടോബര്‍ 26 ന് അഗ്രവാള്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റുമായി ബന്ധപ്പെടുത്തിയാണ് ഇസ്ലാമിക ഗ്രൂപ്പ് ആരോപണം കൊഴുപ്പിക്കുന്നത്. 'മുസ്ലീങ്ങളെയും തീവ്രവാദികളെയും തമ്മില്‍ വേര്‍തിരിച്ചു കാണാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെ വെളളക്കാരെയും വംശീയ വിദ്വേഷികളെയും തമ്മില്‍ വേര്‍തിരിച്ചു കാണും' എന്നതായിരുന്നു പോസ്റ്റ്. എന്നാല്‍ കൊമേഡിയന്‍ ആസിഫ് മാണ്ഡ്വി നടത്തിയ ഒരു അഭിപ്രായമാണ് താന്‍ പങ്കുവെച്ചതെന്ന് പരാഗ് പറയുന്നു.

തീവ്ര വലതുപക്ഷ വെബ്‌സൈറ്റായ ബ്രെറ്റ്ബാര്‍ട്ട് ആണ് പഴയ ട്വീറ്റുമായി വിവാദത്തിന് തുടക്കമിട്ടത്. അഗര്‍വാള്‍ വംശീയതയെ പിന്തുണയ്ക്കുന്നുവെന്ന നിരീക്ഷണവും വെബ്‌സൈറ്റ് നടത്തി. പഴയ ഒരു അഭിമുഖത്തിലെ 'അഭിപ്രായ സ്വാതന്ത്ര്യം ട്വിറ്ററിന്റെ അജന്‍ഡയല്ലെ'ന്ന അഗ്രവാളിന്റെ പരാമര്‍ശവും ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം അഗ്രവാളിനെ പിന്തുണച്ചുളള ട്വീറ്റുകളും അഭിപ്രായപ്രകടനങ്ങളും സജീവമായി പുറത്തുവരുന്നുണ്ട്.

യു എസ് രാഷ്ട്രീയവൃത്തങ്ങളും വിവാദം ഏറ്റുപിടിച്ചു.പുതിയ സിഇഒ എല്ലാവരെയും ഒരുപോലെ കാണുമെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നായിരുന്നു കോളറാഡോയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി കെന്‍ ബക്കിന്റെ അഭിപ്രായം.

ട്വിറ്റര്‍ സഹസ്ഥാപകനായ ജാക്ക് ഡോര്‍സി രാജിവെച്ചതിനെ തുടര്‍ന്നാണ് 37 കാരനായ പരാഗ് അഗര്‍വാളിനെ പുതിയ സിഇഒ ആയി നിയമിച്ചത്. ട്വിറ്ററിന്റെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ആയിരുന്നു അദ്ദേഹം. ബോംബെ ഐഐടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ പരാഗ് 2011 ലാണ് ആഡ്‌സ് എന്‍ജിനീയറായി ട്വിറ്ററില്‍ എത്തുന്നത്.

Other News