കോവിഡ്  വകഭേദം ജപ്പാനിലും; ഉത്ഭവം അന്വേഷിക്കാന്‍ ഡബ്ലിയു.എച്ച്.ഒ സംഘം 14 ന് ചൈനയിലെത്തും


JANUARY 12, 2021, 6:07 AM IST

 ടോക്കിയോ: കോവിഡിന്റെ പുതിയ വകഭേദത്തെ ജപ്പാനില്‍ കണ്ടെത്തി.  യു.കെ., ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദങ്ങളില്‍ നിന്ന് വളരെ വിഭിന്നമാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസ്. ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജപ്പാന്‍ ലോകാരോഗ്യ സംഘടനയും മറ്റുരാജ്യങ്ങളുമായി ചേര്‍ന്ന് വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുളള പഠനം നടത്തുകയാണ്..പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ വ്യക്തിക്ക് വിമാനത്താവളത്തില്‍ എത്തുന്നത് വരെ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച മുപ്പതുകാരിക്ക് തലവേദന റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക വകഭേദത്തിലുളള മുപ്പത് കോവിഡ് കേസുകള്‍ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ വകഭേദം വളരെ വേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ വിദഗ്ദ്ധര്‍ ആശങ്കയിലാണ്. ടോക്കിയോ പ്രദേശത്ത് വെള്ളിയാഴ്ച മുതല്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ലോകത്തെ നിശ്ചലമാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം 14ന് ചൈനയിലെത്തുമെന്ന് റിപ്പോര്‍ട്ട്. വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലേക്ക് ഡബ്ലിയു.എച്ച്.ഒ സംഘത്തെ ചൈനീസ് ആരോഗ്യവിദഗ്ദ്ധരും അനുഗമിക്കും.

Other News