നോ ഡീല്‍ ബ്രെക്സിറ്റ്  ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ട്


JULY 30, 2019, 10:52 PM IST

മാഞ്ചസ്‌റ്റർ:നോ ഡീല്‍ ബ്രെക്സിറ്റിനെ നേരിടാന്‍ ബ്രിട്ടണ്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ട്. ഉപാധി രഹിത ബ്രെക്‌സിറ്റ് രാജ്യത്തിന്റെ വാര്‍ഷിക വരുമാനത്തിൽ 700 കോടി അമേരിക്കൻ ഡോളറിന്റെ കുറവിനിടയാക്കുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലെ ജോര്‍ജ് മേസൺ സര്‍വകലാശാലയിലെ പ്രശസ്‌ത യൂറോപ്യൻ ചരിത്ര അധ്യാപകനായ കെവിന്‍ മാത്യൂസ് ആണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സാമ്പത്തിക പാക്കേജുകളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. നോഡീല്‍ ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളെ മറികടക്കാന്‍ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.

പ്രധാനമന്ത്രി അവധാനതയില്ലാതെയെടുക്കുന്ന തീരുമാനങ്ങള്‍ രാജ്യത്തിന്റെ വാര്‍ഷിക വരുമാനം വന്‍ തോതില്‍ ഇടിയാന്‍ ഇടയാക്കുമെന്നും കെവിന്‍ മാത്യൂസ് പറഞ്ഞു. രാജ്യത്തെ പിന്നാക്ക മേഖലകള്‍ക്കുള്‍പ്പെടെ വലിയ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു, ബ്രിട്ടീഷ് സര്‍ക്കാര്‍. ഉപാധി രഹിത ബ്രെക്‌സിറ്റില്‍ രാജ്യത്തെ ഒരുവിഭാഗത്തിനുള്ള പ്രതിഷേധം തണുപ്പിക്കാനാണ് ബോറിസ് ജോണ്‍സന്റെ ജനക്ഷേമ പദ്ധതികളെന്നും കെവിന്‍ മാത്യൂസ് കുറ്റപ്പെടുത്തി.

ജനത്തിനിടയില്‍ സര്‍ക്കാര്‍ അനുകൂല വികാരമുണ്ടാക്കാന്‍ വിവിധ മേഖലകളിലെ നികുതിയിളവും സര്‍ക്കാരിന്റെ ആലോചനയിലാണ്. രാജ്യത്തെ പ്രതിരോധ സംവിധാനം ശക്തമാക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബിസിനസുകാരും സാധാരണക്കാരും നോഡീല്‍‌ ബ്രെക്‌സിറ്റിനോട് സമരസപ്പെടാന്‍ മാധ്യമങ്ങള്‍ വഴിയുള്ള പ്രാചാരണവും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. 

ഒക്ടോബര്‍ 31 ന് മുമ്പ് ഏതു വിധേനയും ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു.

Other News