നോര്‍വേയില്‍ അഞ്ചുപേരെ കൊലപ്പെടുത്തിയ വില്ലും അമ്പും ആക്രമണം തീവ്രവാദമാകാമെന്ന് പോലീസ്


OCTOBER 14, 2021, 7:42 PM IST

കോങ്‌സ്‌ബെര്‍ഗ് : നോര്‍വെയില്‍ ബുധനാഴ്ച വൈകിട്ട് അമ്പും വില്ലും ഉപയോഗിച്ച് 37 കാരന്‍ അ#്ചുപേരെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് കരുതി അന്വേഷണം തുടരുകയാണെന്ന് പോലീസ്. ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.   സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത ഡാനിഷ് പൗരന്‍ മുമ്പും പല കേസുകളില്‍ പെട്ടിട്ടുള്ളയാളാണെന്നും പോലീസ് സ്ഥിരീകരിച്ചു.

അഞ്ച് പേരെ കൊലപ്പെടുത്തിയ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇസ്ലാം മതം സ്ഥീകരിച്ചയാളാണ് പ്രതിയെന്നും വ്യക്തമായിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം നോര്‍വെ തലസ്ഥാനമായ ഓസ്ലോയ്ക്കടുത്തുള്ള കോങ്‌സ്‌ബെര്‍ഗ് പട്ടണത്തില്‍ 37 കാരനായ ഇയാള്‍ കടകളില്‍ ഷോപ്പിംഗിനെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ അമ്പുകള്‍ എയ്താണ് കൊലപാതകങ്ങള്‍ നടത്തിയത്.

കോങ്‌സ്‌ബെര്‍ഗിലെ താമസക്കാരന്‍ തന്നെയായ പ്രതി വധഭീഷണികള്‍, മോഷണങ്ങള്‍, മയക്കുമരുന്ന് കൈവശം വയ്ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടതായി രേഖകളുണ്ട്. ഖവിഞ്ഞ വര്‍ഷം ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നതായി പ്രാദേശിക പോലീസ് മേധാവി ഒലെ ബി. സേവറുദ് പറഞ്ഞു.

നോര്‍വേയുടെ ആഭ്യന്തര സുരക്ഷാ ഏജന്‍സി വ്യാഴാഴ്ച പറഞ്ഞത് ആക്രമണം ഭീകരാക്രമണമാണെന്ന് തോന്നിയെങ്കിലും സ്ഥിരീകരണത്തിനായി അന്വേഷണം തുടരുകയാണെന്നാണ്. സംശയിക്കുന്നയാള്‍ ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കരുതപ്പെടുന്നു, സെവെറുദ് വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് പ്രതിക്കെതിരെ കഴിഞ്ഞ വര്‍ഷം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു, അന്വേഷണത്തിന്റെ ഭാഗമായി പ്രതി മാനസികരോഗ പരിശോധനയ്ക്ക് വിധേയനാകുമെന്ന് പോലീസ് വക്താവ് പറഞ്ഞു.

'പൊതുസ്ഥലങ്ങളില്‍ ക്രമരഹിതമായ ആളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ തീവ്രവാദികളായ ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ ആവര്‍ത്തിക്കുന്ന രീതിയാണ്,' സുരക്ഷാ ഏജന്‍സി പറഞ്ഞു.

50 നും 70 നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകളും ഒരു പുരുഷനുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണകാരി തന്റെ ഇരകളെ ക്രമരഹിതമായി തിരഞ്ഞെടുത്തതായി കരുതപ്പെടുന്നുവെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകിട്ട് 6 മണിക്ക് ശേഷം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ച ആക്രമണം കണ്ടവര്‍ പ്രാദേശിക ടെലിവിഷനോട് പറഞ്ഞു, ഒരു മനുഷ്യന്‍ ഒരു വലിയ വില്ലും തോളില്‍ ഒരു അമ്പുംകളും ചുമന്ന് ആളുകളെ വേട്ടയാടിയെന്നാണ്.

കെട്ടിടങ്ങളുടെ ചുമരുകളില്‍ പതിച്ച അമ്പുകളും നടപ്പാതയില്‍ കിടക്കുന്ന ചിത്രങ്ങളും പ്രാദേശിക മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തു.

നോര്‍വേ രാജാവും രാഷ്ട്രത്തലവനുമായ ഹരാള്‍ഡ് അഞ്ചാമന്‍, പ്രധാനമന്ത്രി , കോങ്‌സ്ബര്‍ഗ് മേയര്‍ തുടങ്ങിയവര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

ഇതും വായിക്കുക..നോര്‍വെയില്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം അഞ്ചുപേര്‍ കൊല്ലപ്പെട്ടു;പ്രതി പടിയില്‍

Other News