കോവിഡിന്റെ ഉത്ഭവത്തിനുപിന്നില്‍ റാക്കൂണ്‍ നായ്ക്കളാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍


MARCH 18, 2023, 6:56 AM IST

ബീജിംഗ്: ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുകയും കോടിക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിനു കാരണമാവുകയും ചെയ്ത കോവിഡ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ഗവേഷകര്‍. രോഗം പടര്‍ത്തിയ ജീവി വവ്വാലല്ലെന്നും റാക്കൂണ്‍ നായ്ക്കളാകാനാണ് സാധ്യതയെന്നുമാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

ചൈനയിലെ വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ റാക്കൂണ്‍ നായ്ക്കളുടെ മാംസം അനധികൃതമായി വില്‍പ്പന നടത്തിയിരുന്നു. ഇവയില്‍ നിന്നാകാം മനുഷ്യരിലേക്ക് രോഗം പടര്‍ന്നതെന്നാണ് നിഗമനം.

ചൈനീസ് ലാബറട്ടറിയില്‍ നിന്നുള്ള ചോര്‍ച്ചയാകാം കോവിഡിന് കാരണമെന്നാണ് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ വവ്വാല്‍ പോലുള്ള മറ്റു ജീവികളില്‍ നിന്ന് പടര്‍ന്നതാകാം എന്ന മറുവാദവും ശക്തമായിരുന്നു. ഇതു രണ്ടും നിരാകരിക്കുന്ന പുതിയ വാദമാണ് ഇപ്പോള്‍ ഗവേഷകര്‍ ഉയര്‍ത്തുന്നത്.

സീഫുഡ് മൊത്തക്കച്ചവട സ്ഥാപനമായ ഹുനാനിലെ നിലം, ചുമര്‍, മൃഗങ്ങളെ സൂക്ഷിച്ച കൂടുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമെടുത്ത സ്രവ സാമ്പിളുകളില്‍ നിന്ന് ലഭിച്ച ജനിതക വിവരങ്ങള്‍ പ്രകാരം രോഗം ബാധിച്ചവ റാക്കൂണ്‍ നായ്ക്കളായിരുന്നു എന്നതാണ്. ഇത് കൊണ്ടു മാത്രം റാക്കൂണ്‍ നായ്ക്കള്‍ രോഗം മനുഷ്യരിലേക്ക് പടര്‍ത്തിയെന്ന് തെളിയിക്കാനാകില്ല. എന്നാല്‍ ഇത്തരം വന്യ മൃഗങ്ങളില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

മാര്‍ക്കറ്റിലുണ്ടായിരുന്ന മൃഗങ്ങള്‍ രോഗബാധിതരായിരുന്നു എന്നതിന്റെ ശക്തമായ സൂചനയാണിത്. മറ്റൊരു വിശദീകരണവും അതിന് നല്‍കാനില്ലെന്ന് വൈറോളജിസ്റ്റായ ആന്‍ഞ്ചെല റാസ്മുസെന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍, മൈക്കല്‍ വോറോബി, എഡ്വേര്‍ഡ് ഹോംസ് എന്നീ മൂന്ന് ഗവേഷകരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

പാന്‍ഡെമിക് എങ്ങനെ ആരംഭിച്ചു എന്നതിന് കൃത്യമായ ഉത്തരം ഈ ഡേറ്റ നല്‍കുന്നില്ല, എന്നാല്‍ ആ ഉത്തരത്തിലേക്ക് നമ്മെ അടുപ്പിക്കാന്‍ ഓരോ ഡേറ്റയും പ്രധാനമാണ്, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെള്ളിയാഴ്ച പറഞ്ഞു.

Other News