വാക്‌സിന്‍ നിരാകരിച്ച ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തടവിലാക്കി ഓസ്‌ട്രേലിയ; വിസ റദ്ദാക്കി


JANUARY 15, 2022, 9:26 AM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെതിരെ കടുത്ത നടപടിയുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍.

കോടതി വിധിയുടെ പിന്‍ബലത്തില്‍ ഓസ്ട്രേലിയയില്‍ തുടരുന്ന ജോക്കോവിച്ചിന്റെ വിസ രാജ്യത്തെ ഇമിഗ്രേഷന്‍ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ റദ്ദാക്കി. വാക്‌സിനെടുക്കാത്ത താരം പൊതുജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹതത്തെ ഇപ്പോള്‍ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. താരത്തെ ഉടന്‍ ഓസ്ട്രേലിയയില്‍നിന്ന് നാടുകടത്തും. മൂന്ന് വര്‍ഷത്തേക്ക് ഓസ്ട്രേലിയയില്‍ കടക്കുന്നതിനും താരത്തിന് വിലക്കുണ്ടാവും.രാജ്യത്ത് ജോക്കോവിച്ചിന്റെ തുടര്‍ സാന്നിധ്യം 'വാക്സിനേഷന്‍ വിരുദ്ധ വികാരം' വളര്‍ത്തിയെടുക്കുമെന്നും 'ആഭ്യന്തര കലാപത്തിന്റെ വര്‍ദ്ധനവിന്' കാരണമാകുമെന്നും ഇമിഗ്രേഷന്‍ മന്ത്രി അലക്‌സ് ഹോക്ക് അവകാശപ്പെടുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഫെഡറല്‍ കോടതിയുടെ അടിയന്തര വാദം കേള്‍ക്കുന്നതിന് മുന്നോടിയായി മെല്‍ബണിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ജോക്കോവിച്ചിന് സമന്‍സ് അയച്ചിരുന്നു.

രണ്ട് ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് ഓഫീസര്‍മാരുടെ കാവലില്‍ -- അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ഓഫീസുകള്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിലാസത്തില്‍ നിന്ന് കോടതി നടപടികള്‍ പിന്തുടരാന്‍ അദ്ദേഹത്തെ അനുവദിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് -19 വാക്സിന്‍ സന്ദേഹവാദികളില്‍ ഒരാളായ ജോക്കോവിച്ചിനെ നാടുകടത്താനുള്ള ഓസ്ട്രേലിയയിലെ യാഥാസ്ഥിതിക സര്‍ക്കാരിന്റെ രണ്ടാമത്തെ ശ്രമമാണിത്.

ജനുവരി 17 ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ 6 നാണ് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തില്‍  ജോക്കോവിച്ച് എത്തിയത്. എന്നാല്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ രേഖകളോ മെഡിക്കല്‍ ഇളവുകളോ ഹാജരാക്കാനായില്ല എന്ന് ആരോപിച്ച് വിസ റദ്ദ് ചെയ്യുകയും കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു.

ഇതിന് പിന്നാലെ കോടതിയെ സമീപിച്ച താരം ഡിസംബറില്‍ കോവിഡ് ബാധിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകരില്‍ നിന്ന് മെഡിക്കല്‍ ഇളവ് നേടിയതിന്റെയും ആഭ്യന്തര വകുപ്പില്‍ നിന്ന് നിര്‍ബന്ധിത വാക്‌സിന്‍ നിയമത്തില്‍ ഇളവ് നേടിയതിന്റെയും രേഖകള്‍ ഹാജരാക്കിയിരുന്നു. കേസ് പരിഗണിച്ച കോടതി അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് ജോക്കോയെ തിരിച്ചയക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ കടുത്ത നടപടി.

Other News