ബീജിംഗ്: കോവിഡിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന ഒമിക്രോണ്‍ എക്സ് ബി ബി വകഭേദം ചൈനയില്‍ പിടിമുറുക്കുന്നു.
രാജ്യത്ത് ജൂണ്‍ ആദ്യവാരത്തോടെ രോഗത്തിന്റെ തീവ്രവ്യാപനമുണ്ടാകുമെന്നും ജൂണ്‍ അവസാനത്തോടെ ആഴ്ചയില്‍ 65 ലക്ഷം പേര്‍ക്ക് വരെ രോഗം ബാധിക്കുന്ന സ്ഥിതിയുണ്ടാകുമെന്നുമാണ് വിവരം.
ലോക്ക്ഡൗണ്‍ പരിശോധനകള്‍, മാസ്‌ക് നിര്‍ബന്ധമാക്കല്‍, ക്വാറന്റൈന്‍ ചെയ്യുക എന്നിവ കര്‍ശനമായ നടപ്പാക്കിയ സര്‍ക്കാര്‍ ഈയിടെയാണ് അവയില്‍ ഇളവ് വരുത്തിയത്. അതേസമയം വ്യാപനം രൂക്ഷമാണെങ്കിലും ജനങ്ങള്‍ ഇപ്പോള്‍ എക്സ് ബി ബി വകഭേദത്തെ അത്ര വലിയ പ്രശ്നമായി കാണുന്നില്ല എന്നതാണ് വാസ്തവം.
ഈ വകഭേദം ശക്തമായ മറ്റൊരു രാജ്യമായ അമേരിക്കയില്‍ ആഴ്ചയില്‍ അഞ്ച് ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൃത്യമായ കണക്കറിയാന്‍ പ്രയാസമുള്ളതിനാല്‍ അമേരിക്കയിലെ പോലെ ചൈനയും പ്രതിവാര കോവിഡ് കണക്ക് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നു.
ഡിസംബര്‍- ജനുവരി മാസത്തില്‍ ചൈനയില്‍ വ്യാപിച്ച ഒമിക്രോണ്‍ വകഭേദം കാരണം രാജ്യത്ത് ആശുപത്രികള്‍ രോഗബാധിതരെക്കൊണ്ടും ശ്മശാനങ്ങള്‍ രോഗം ബാധിച്ച് മരിച്ചവരെക്കൊണ്ടും നിറഞ്ഞിരുന്നു. മെഡിക്കല്‍ ഷോപ്പുകളില്‍ പനിക്കുള്ള മരുന്നടക്കം കിട്ടാത്ത സ്ഥിതി വന്നു. സ്‌കൂളുകള്‍ നാളുകളോളം അടച്ചിടേണ്ടി വന്നു. 140 കോടി ജനങ്ങളില്‍ 80 ശതമാനത്തിനും ഈ സമയം കോവിഡ് ബാധിച്ചതായാണ് കണക്ക്.
വൈദ്യശാസ്ത്ര ഗവേഷകന്‍ സോംഗ് നാന്‍ഷാംഗ് എക്സ് ബി ബി വകഭേദത്തിനെതിരെ തയ്യാറാക്കിയ രണ്ട് വാക്സിനുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ശ്രമിക്കുകയാണ് ചൈന. രാജ്യത്തെ വൃദ്ധരില്‍ ചില വിഭാഗം ഇപ്പോഴും കോവിഡ് പ്രതിരോധ വാക്സിനുകള്‍ സ്വീകരിക്കാത്തത് വെല്ലുവിളിയാണ്.
എന്നാല്‍ രോഗം ചെറിയ വിഭാഗത്തെ മാത്രമേ ബാധിക്കൂ എന്നും ഇവരെ ചികിത്സിക്കാന്‍ ആശുപത്രികള്‍ മതിയാകുമെന്ന വാദവും ഒരുവിഭാഗത്തില്‍ നിന്നും പുറത്തുവരുന്നുണ്ട്.