എല്ലും തോലുമായി സുഡാനിലെ സിംഹങ്ങള്‍; രക്ഷകരായി സോഷ്യല്‍ മീഡിയ


JANUARY 21, 2020, 7:59 AM IST

ശരീരത്തില്‍ മാംസം തീരെ ഇല്ലാതായിരിക്കുന്നു... എല്ലുകള്‍ എണ്ണാനാകുംവിധം പുറത്തുകാണാം... തോല്‍ ചുരുണ്ട് ഒട്ടിയിരിക്കുന്നു... മരണവക്കില്‍ ദൈന്യത നിറഞ്ഞ കണ്ണുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളിലെ സിംഹങ്ങളുടെ വിവരണമാണിത്. തലയെടുപ്പും രാജകീയ ഗര്‍വുമൊന്നുമില്ലാതെ മൃതപ്രായരായ സുഡാനിലെ സിംഹങ്ങള്‍. തലസ്ഥാന നഗരമായ ഖര്‍തൂമിലെ അല്‍ ഖുറേഷി പാര്‍ക്കിലെ കൂടുകളില്‍ അവേശഷിക്കുന്ന അഞ്ച് സിംഹങ്ങളുടെ ദയനീയാവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഭക്ഷണമോ മരുന്നോ ഇല്ലാതെ മരണത്തോടു മല്ലിടുന്ന സിംഹങ്ങളുടെ ചിത്രങ്ങള്‍ വൈറലായതോടെ സഹായവുമായി മൃഗസ്‌നേഹികള്‍ പാഞ്ഞെത്തി.

ഉസ്മാന്‍ സാലിഹ എന്ന യുവാവാണ് സിംഹങ്ങളുടെ ദുരവസ്ഥ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധിപ്പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റ് ട്വിറ്ററില്‍ ഉള്‍പ്പെടെ വൈറലായി. വസ്തുതകള്‍ ചോദിച്ചറിഞ്ഞും സഹായം വാഗ്ദാനം ചെയ്തും നിരവധിപ്പേരാണ് പ്രതികരിച്ചത്. ബി.ബി.സി ഉള്‍പ്പെടെ സംഭവം വാര്‍ത്തയാക്കിയതോടെ പാര്‍ക്കിലേക്കു സഹായമെത്തി. സിംഹങ്ങള്‍ക്ക് ഭക്ഷിക്കാന്‍ ആവശ്യമായ മാംസവും ആടുകളും ജീവന്‍രക്ഷാ മരുന്നുകളും ആന്റി ബയോട്ടിക്കുകളുമൊക്കെ പാര്‍ക്കിലെത്തി. സിംഹങ്ങള്‍ക്ക് അടിയന്തിര ശുശ്രൂഷയും നല്‍കി. എന്നാല്‍, അവശനിലയിലായിരുന്ന പെണ്‍ സിംഹങ്ങളിലൊന്നു ചത്തു.

 

മരുന്നോ ഭക്ഷണമോ ഇല്ലാതെയാണ് മൃഗശാലയിലെ മിക്ക മൃഗങ്ങളും കഴിയുന്നത്. സിംഹങ്ങളില്‍ പലതിനും ജീവന്‍ നിലനിര്‍ത്താനുള്ള തൂക്കംപോലുമില്ല. ാര്‍ക്ക് വൃത്തിയായി പരിപാലിക്കാത്തത് മാരകമായ രോഗങ്ങള്‍ക്കും കാരണമായി. ഭക്ഷണം നല്‍കാനുള്ള വകയില്ലാത്തതിനാല്‍ മൃഗശാലാ ജീവനക്കാര്‍ വാങ്ങിനല്‍കുന്ന ഭക്ഷണം കഴിച്ചാണ് പലതും ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വിദേശനാണ്യത്തിലുണ്ടായ കുറവുകാരണം രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളും അതിന്റെ ഫലം അനുഭവിക്കുകയാണ്.

Other News