കശ്മീര്‍ : ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്  തിരിച്ചടി


AUGUST 17, 2019, 10:30 AM IST

വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസമിതിയില്‍ അവതരിപ്പിച്ച് ആഗോള ശ്രദ്ധനേടാനുള്ള ചൈനയുടെയും പാക്കിസ്ഥാന്റെയും പദ്ധയിയ്്ക്ക് തിരിച്ചടി. അഞ്ച് സ്ഥിരാംഗങ്ങളും പത്ത് താല്‍ക്കാലിക അംഗങ്ങളും അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രമേയം  അവതരിപ്പിച്ച ചൈനമാത്രമാണ് പാക്കിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്. റഷ്യ,യു.എസ്,ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ സ്ഥിരാംഗങ്ങള്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ് എന്ന തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ കാര്യങ്ങള്‍ പാക്കിസ്ഥാന് അനുകൂലമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പാക് മാധ്യമങ്ങള്‍ തന്നെയാണ്. 

370 റദ്ദ് ചെയ്ത് കശ്മീരിന്റെ പ്രത്യേകപദവി ഇല്ലാതാക്കിയ ഇന്ത്യയുടെ നടപടി ദക്ഷിണഏഷ്യയിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കുമെന്ന പാക്കിസ്ഥാന്‍ നിലപാടിനെ ഇന്ത്യ ഖണ്ഡിച്ചു. കശ്മീര്‍ തങ്ങളുടെ ആഭ്യന്തരവിഷയമാണെന്നും പാക്കിസ്ഥാന്‍ യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണമെന്നുമായിരുന്നു ഐക്യരാഷ്ട്രസമിതിയിലെ ഇന്ത്യന്‍ സ്ഥിര പ്രതിനിധി സയിദ് അക്രബുദ്ദീന്‍ ചര്‍ച്ചയില്‍ പ്രഖ്യാപിച്ചത്. 

കശ്മീരിനെ അന്തര്‍ദ്ദേശീയ പ്രശ്‌നമാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിന് പലയിടങ്ങളില്‍ നിന്നായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനില്‍ അവതരിപ്പിക്കവേ യു.എ.ഇയും മാലിദ്വീപും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് പ്രതികരിച്ചിരുന്നു. മറ്റ് മുസ്ലിം രാഷ്ട്രങ്ങളുടെയും ഏറെക്കുറെ ദുര്‍ബ്ബലമായ പ്രതികരണമായിരുന്നു. അതേസമയം കാശ്മീരിന്റെ അംബാസിഡറായി സ്വയം പ്രഖ്യാപനം നടത്തിയിട്ടുള്ള പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രശ്‌നം ആഗോളചര്‍ച്ചയാക്കാനുള്ള തീവ്രശ്രമത്തിലാണ്.

Other News