പ്രിയങ്ക ചോപ്ര അയോഗ്യ;യു എൻ പദവിയിൽ നിന്ന് നീക്കണം: പാകിസ്‌താൻ 


AUGUST 21, 2019, 11:07 PM IST

ഇസ്‌ലാമാബാദ്: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്ത് നിന്ന് യു എൻ നീക്കം ചെയ്യണമെന്ന് പാകിസ്‌താൻ.പാക് മനുഷ്യാവകാശ മന്ത്രി ശിരീന്‍ മസാരിയാണ് ആവശ്യമുന്നയിച്ച് യു എൻ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫണ്ട് -യുനിസെഫിന് കത്തയച്ചത്.

കാശ്‌മീരിലെ ഇന്ത്യന്‍ നിലപാടിനെ പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിക്കുകയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി, പാകിസ്ഥാന് നല്‍കിയ ആണവ ഭീഷണിയെ പിന്തുണയ്ക്കുകയും ചെയ്‌തെന്നും ഗുഡ്‌വില്‍ അംബാസഡര്‍ എന്ന നിലയില്‍ യു എന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ് അവരുടെ ഈ നിലപാടുകളെന്നും കത്തിൽ പറയുന്നു.

കാശ്‌മീരിൽ മോഡി ഭരണകൂടത്തിന്റെ നയങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നും നാസി പാര്‍ട്ടിയെ പോലെ ബി ജെ പി  ഏകാധിപത്യം നടപ്പാക്കുകയാണെന്നും പ്രതിഷേധിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചും മറ്റും അടിച്ചമര്‍ത്തുകയാണെന്നും പാക് മന്ത്രി കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ അമേരിക്കയിലെ ലോസാഞ്ചലെസിൽ നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെ പ്രിയങ്ക ചോപ്രയ്ക്ക് നേരെ പാക് യുവതി ഉന്നയിച്ച ചോദ്യം വൈറലായിരുന്നു:‘നിങ്ങള്‍ യു.എന്നിന്റെ ഗുഡ്‌വില്‍ അംബാസഡറാണ്. എന്നാല്‍, പാകിസ്‌താനെതിരേയുള്ള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്‌തത്. ഇത് ശരിയായ വഴിയല്ല. എന്നെപ്പോലെ ധാരാളം പാകിസ്ഥാനികള്‍ നിങ്ങളെ അഭിനേത്രി എന്ന നിലയില്‍ ഇഷ്‌ടപ്പെടുന്നുണ്ട്’. 

ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബലാകോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക പോസ്റ്റ് ചെയ്‌ത ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു യുവതിയുടെ ചോദ്യം.താന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും താന്‍ ഒരു രാജ്യസ്‌നേഹിയാണെന്നുമായിരുന്നു ഇതിന് പ്രിയങ്ക നല്‍കിയ മറുപടി.

‘എനിക്ക് പാകിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്. ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ രാജ്യസ്നേഹിയാണ്. എന്റെ പ്രസ്‌താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു’- എന്നാണ് പ്രിയങ്ക യുവതിയോട് പറഞ്ഞത്.

 

Other News