കാശ്‌മീർ പ്രശ്‌നത്തില്‍ പാകിസ്ഥാന്‍ ലോക കോടതിയിലേക്ക്


AUGUST 18, 2019, 4:04 AM IST

ഇസ്‌ലാമബാദ് / ന്യൂഡല്‍ഹി: കാശ്‌മീര്‍ പ്രശ്‌നം ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതിയില്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര വിവാദമാക്കാന്‍ ചൈനയുടെ ഒത്താശയോടെ നടത്തിയ ശ്രമം ഇന്ത്യ നയതന്ത്രത്തിലൂടെ പൊളിച്ചതോടെ പാകിസ്ഥാന്‍ ഹേഗിലെ ലോക കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. കൂടാതെ പാക് വിദേശകാര്യ വകുപ്പില്‍ കാശ്‌മീര്‍ സെല്ലും വിവിധ രാജ്യങ്ങളിലെ പാക് എംബസികളില്‍ കാശ്‌മീര്‍ ഡെസ്‌ക്കും രൂപീകരിക്കും.

രക്ഷാസമിതിയിലെ തിരിച്ചടിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയും സൈനിക വക്താവ് മേജര്‍ ജനറല്‍ അസീഫ് ഗഫൂറും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്.

യു എന്‍ രക്ഷാസമിതിയിലെ കാശ്‌മീര്‍ ചര്‍ച്ച തന്നെ വലിയ നേട്ടമാണെന്ന് ചര്‍ച്ചയ്‌ക്ക് ശേഷം ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടു മാത്രം കാശ്‌മീരിലെ പുതിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. അതിനാലാണ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍. പാകിസ്ഥാന് ഇതൊരു നീണ്ട യുദ്ധമാണ്. പാകിസ്ഥാനെ പ്രതിക്കൂട്ടിലാക്കാന്‍ ഇന്ത്യ കാശ്‌മീരില്‍ വ്യാജ ഓപ്പറേഷന്‍ നടത്താന്‍ സാധ്യതയുണ്ടെന്നും ഖുറേഷി പറഞ്ഞു.

അതേസമയം, കാശ്‌മീര്‍ ഇപ്പോള്‍ ഒരു ആണവായുധ പ്രതിസന്ധിയായി മാറിയെന്ന് അസീഫ് ഗഫൂര്‍ പറഞ്ഞു. ഇന്ത്യ ആണവായുധ നയം മാറ്റുമെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനത്തെ പരാമര്‍ശിച്ചാണ് ഗഫൂറിന്റെ ഈ പരാമര്‍ശം.

Other News