ഇന്ത്യയുമായി ഉടന്‍ യുദ്ധമുണ്ടായേക്കാമെന്ന് പാക് മന്ത്രി


AUGUST 28, 2019, 5:01 PM IST

ലഹോര്‍:ആര്‍ട്ടിക്കിള്‍ 370 ല്‍ മാറ്റം വരുത്തി കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനെ തുടര്‍ന്ന് അങ്കലാപ്പിലായ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നു. ഇപ്പോള്‍ ഒരു പടി കൂടി കടന്ന് ഇന്ത്യയുമായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കയാണ് പാക് റെയില്‍വേ മന്ത്രി ഷെയ്ക്ക് റഷീദ് അഹമ്മദ്. അടുത്തമാസമോ ഒക്്‌ടോബറിലോ ഇന്ത്യയുമായി പൂര്‍ണ്ണമായ തോതില്‍ യുദ്ധമുണ്ടാകുമെന്നാണ് റഷീദ് അഹമ്മദ് വ്യക്തമാക്കുന്നത്. പാക് മാധ്യമങ്ങളെ ഉദ്ദരിച്ച് എന്‍.ഐ.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള സഞ്ചാര അനുമതി തടഞ്ഞ് പാക് വ്യോമപാത അടയ്ക്കുമെന്ന് നേരത്തെ മറ്റൊരു പാക്ക് മന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടെ കറാച്ചിയ്ക്ക് സമീപം പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി എന്‍.എഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ വ്യോമ,നാവിക സേനകള്‍ക്ക് നോട്ടീസുകള്‍ നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

കശ്മീരിലെ ജനതയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും അവരുടെ അംബാസിഡറായി മാറി ഇക്കാര്യം അന്തര്‍ദ്ദേശീയ   ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഏതുവിധേയനേയും കശ്മീര്‍ പ്രശ്‌നം ആഗോളപ്രശ്‌നമാക്കി മാറ്റി കശ്മീര്‍ തങ്ങളുടെ ഭാഗമാണെന്ന ഇന്ത്യയുടെ അവകാശവാദം തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു ഇമ്രാന്‍ ഖാന്റേത്.

എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല, യു.എ.ഇ,മാലിദ്വീപ്,ബ്രിട്ടന്‍,ഫ്രാന്‍സ് തുടങ്ങിയ ഒട്ടുമിക്ക രാഷ്ട്രങ്ങളും ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്‍കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് മാത്രമാണ് ഇരുരാഷ്ട്രങ്ങള്‍ക്കും സമ്മതമാണെങ്കില്‍ മധ്യസ്ഥനാകാന്‍ തയ്യാറാണെന്ന് അറിയിച്ചത്. എന്നാല്‍ മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറകെ ട്രമ്പും നിലപാട് മാറ്റി. ഇതോടെ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോള്‍ പാക്കിസ്ഥാനുള്ളത്.

ഈ അവസരത്തിലാണ് പാക്മന്ത്രി വിവാദപ്രസ്താവനയുമായി രംഗത്തെത്തിയത്. അതുകൊണ്ടുതന്നെ മന്ത്രിയുടെ പ്രസ്താവനയും കശ്മീരിലേയ്ക്ക് ആഗോളശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് വിമര്‍ശകര്‍ പറയുന്നു.്