ഐഎസ്‌ഐ മേധാവിയുടെ നിയമനം: പാക് പ്രധാനമന്ത്രി  ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്


OCTOBER 12, 2021, 8:04 AM IST

ന്യൂഡല്‍ഹി: പാകിസ്താന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) യുടെ പുതിയ മേധാവിയുടെ നിയമനത്തെ ചൊല്ലി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രാജ്യത്തെ സൈനിക നേതൃത്വവും തമ്മില്‍ ഉടക്കെന്ന് റിപ്പോര്‍ട്ട്. സൈനിക നേതൃത്വത്തിന്റെ നീക്കത്തില്‍ ഖാന്‍ അതൃപ്തി പ്രകടിപ്പിച്ചതായും അറിയുന്നു.ഐഎസ്ഐ ഡയറക്ടര്‍ ജനറല്‍ ഫായിസ് ഹമീദിനെ മാറ്റാനുള്ള തീരുമാനം ശരിയല്ലെന്ന് ഖാന്‍ സൈന്യത്തോട് പറഞ്ഞതായി ഫ്രൈഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക നിയമന വിജ്ഞാപനത്തില്‍ ഇതുവരെ പ്രധാനമന്ത്രി ഒപ്പിട്ടിട്ടില്ല. പുതിയ നിയമനത്തില്‍ തനിക്കുള്ള കടുത്ത വിയോജിപ്പുമൂലമാണ് വിജ്ഞാപനത്തില്‍ ഒപ്പിടാത്തെതന്നും സൈനിക നേതൃത്വവും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തില്‍ ഇത് ആഴത്തില്‍ വിള്ളലുണ്ടാക്കിയെന്നും മുതിര്‍ന്ന പാകിസ്താനി മാധ്യമപ്രവര്‍ത്തകന്‍ നജം സേതി വാര്‍ത്താ ടെലിവിഷനോട് പറഞ്ഞു.ഐഎസ്പിആര്‍ ല്‍ നിന്നുള്ള പ്രഖ്യാപനത്തിന് ശേഷം, പ്രധാനമന്ത്രി ഹൗസില്‍ നിന്ന് ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല, ഈ കാലതാമസം അസാധാരണമായിരുന്നു. ഈ തീരുമാനം പ്രധാനമന്ത്രിയും സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.-റിപ്പോര്‍ട്ടില്‍ പറയുന്നു.ലഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദിനെ പെഷവാര്‍ കോര്‍പ്‌സ് കമാന്‍ഡറായും ലഫ്റ്റനന്റ് ജനറല്‍ നദീം അഞ്ജുമിനെ പുതിയ ഐഎസ്‌ഐ മേധാവിയായും നിയമിക്കുന്നത് പൊതുവേ പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നായിരിക്കണം, കാരണം പ്രധാനമന്ത്രിയാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.'ഇസ്ലാമാബാദിലല്ല, റാവല്‍പിണ്ടിയില്‍ നിന്നാണ് പത്രക്കുറിപ്പ് വന്നത് എന്നതും സംശയകരമായിരുന്നുവെന്ന് സേതി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.കൂടുതല്‍ അസാധാരണമായത്, ഇമ്രാന്‍ ഖാന്‍ വിളിച്ചുചേര്‍ത്ത പ്രധാന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ ഹമീദിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ്. ലെഫ്റ്റനന്റ് ജനറല്‍ ഫായിസ് ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ തലത്തില്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.രാജ്യത്തിന്റെ നേതൃത്വവും സൈനിക മേധാവിയും തമ്മിലുള്ള ഇത്തരം ഭിന്നതകള്‍ മിക്ക കേസുകളിലും ഇരുകക്ഷികളെയും പഴയനിലയിലേക്കു 'തിരിച്ചുവരാനാവാത്ത അവസ്ഥയിലേക്ക് കൊണ്ടുപോകും. ഇത് സിവില്‍-സൈനിക ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സേത്തി പറഞ്ഞു.

Other News