സര്‍ക്കാറിനെ വിമര്‍ശിച്ച ചാനല്‍ പൂട്ടിച്ച് മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പാകിസ്താന്‍


AUGUST 10, 2022, 9:27 PM IST

ലാഹോര്‍: പാകിസ്താന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച ചാനല്‍ പൂട്ടിച്ച് മാധ്യമ പ്രവര്‍ത്തകനെ അധികൃതര്‍ അറസ്റ്റ് ചെയ്തു. പ്രമുഖ പാകിസ്ഥാനി വാര്‍ത്താ ചാനല്‍ എ ആര്‍ വൈ ന്യൂസിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകനുമായ അമ്മദ് യൂസഫിനെയാണ് പാക് പൊലീസ് അറസ്റ്റ് ചെയ്തത്.

വാറണ്ടില്ലാതെയാണ് കറാച്ചിയിലെ വസതിയില്‍ നിന്നും അമ്മദ് യൂസഫിനെ അറസ്റ്റ് ചെയ്തതെന്നാണ് എ ആര്‍ വൈ ന്യൂസ് ചാനല്‍ അധികൃതര്‍ ആരോപിക്കുന്നു. യൂസുഫിന്റെ അറസ്റ്റ് ചാനലിനെതിരായ സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്നും ആരോപണത്തില്‍ പറയുന്നു. 

രാജ്യദ്രോഹ കണ്ടന്റുകള്‍ പ്രക്ഷേപണം ചെയ്തു എന്നാരോപിച്ച് എ ആര്‍ വൈ ന്യൂസിന്റെ സംപ്രേഷണം സര്‍ക്കാരിന്റെ റെഗുലേറ്ററി അതോറിറ്റി നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു യൂസഫിന്റെ അറസ്റ്റ്. 

രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ചാനല്‍ തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തു എന്നാണ് അതോറിറ്റി ആരോപിക്കുന്നത്. വാര്‍ത്താ അവതാരകര്‍ പക്ഷപാതപരമായാണ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതെന്നും അതോറിറ്റി പറയുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യവും സര്‍ക്കാരും തമ്മില്‍ ഭിന്നത സൃഷ്ടിക്കുവാനും കലാപമുണ്ടാക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട് വിദ്വേഷപരവും രാജ്യദ്രോഹപരവുമായ കണ്ടന്റുകള്‍ പ്രക്ഷേപണം ചെയ്തതിന് ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കുന്നു എന്നായിരുന്നു എ ആര്‍ വൈ ന്യൂസിന് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി അയച്ച നോട്ടീസില്‍ പറഞ്ഞത്. 

തിങ്കളാഴ്ച ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ റെഗുലേറ്ററി അതോറിറ്റി ഹിയറിങ്ങിന് വേണ്ടി ചാനലിന്റെ സി ഇ ഒയോട് ആഗസ്റ്റ് പത്തിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെ്ട്ടിരുന്നു. 

പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ അപകീര്‍ത്തിപ്പെടുത്താന്‍ ഭരണകക്ഷിയായ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് അവരുടെ മീഡിയ സെല്ലിനെ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് എ ആര്‍ വൈ ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ചാനലിനെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചത്. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രൈവറ്റ് ബ്രോഡ്കാസ്റ്ററാണ് എ ആര്‍ വൈ ന്യൂസ് ചാനല്‍.

Other News