ഇന്ത്യയുമായുള്ള നയതന്ത്രവ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍


AUGUST 8, 2019, 12:40 PM IST

ഇസ്ലാമാബാദ്:  പ്രത്യേകപദവി എടുത്തുകളയുകയും കാശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിയില്‍ പാക്കിസ്ഥാന് അസഹിഷ്ണുത. തുടര്‍ന്ന് ഇന്ത്യയുമായുള്ള നയതന്ത്രവ്യാപാരബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. 'ഇന്ത്യയിലെ പാക് സ്ഥാനപതിയെ തിരിച്ചുവിളിക്കും, പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്യും'' പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.ജമ്മുകശ്മീരിലെയും നിയന്ത്രണരേഖയിലെയും സാഹചര്യം വിലയിരുത്താന്‍ ബുധനാഴ്ച വൈകീട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാസമിതി യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഖുറേഷി.

ഇന്ത്യയുടെ നടപടിക്കെതിരേ ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിയെയും സമീപിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം പുനഃപരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കശ്മീര്‍ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യദിനമായും ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കുമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ വ്യക്തമാക്കി.

 കശ്മീരിലെ ഇന്ത്യന്‍ നടപടി യുദ്ധത്തിലേയ്ക്ക് നയിച്ചേക്കുമെന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭീഷണിക്കുപിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍. ഇന്ത്യ കശ്മീരികളെ വംശഹത്യനടത്തിയേക്കുമെന്ന് ഭയപ്പെടുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

പാകിസ്ഥാാന്റെ ആക്ടിങ് ഹൈക്കമ്മിഷണര്‍ സയിദ് ഹൈദര്‍ ഷായാണ് ഇപ്പോള്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുന്നത്. ഇന്ത്യയിലെ പാക് സ്ഥാനപതിയായി നിര്‍ദേശിച്ചിരുന്ന മോയിന്‍ ഉള്‍ ഹഖ് ഓഗസ്റ്റ് 16ന് ചുമതലയേല്‍ക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനമേല്‍ക്കലുണ്ടാകില്ല.വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ നയതന്ത്രാലയത്തിനുള്ള സുരക്ഷ ശക്തമാക്കണമെന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രാലയം പാക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.പാക് വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, സാമ്പത്തിക ഉപദേഷ്ടാവ്, കശ്മീര്‍കാര്യ മന്ത്രി, സേനാവിഭാഗങ്ങളുടെ മേധാവിമാര്‍, രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവന്‍ തുടങ്ങിയവര്‍ ബുധനാഴ്ചനടന്ന സുരക്ഷാസമിതി യോഗത്തില്‍ പങ്കെടുത്തു.

Other News