ഇസ്രായേലുമായി അറബ് രാജ്യങ്ങളുടെ നയതന്ത്രബന്ധം: അറബ് ലീഗ് അധ്യക്ഷപദം ഉപേക്ഷിച്ച് പലസ്തീന്‍


SEPTEMBER 22, 2020, 11:22 PM IST

റാമല്ല: അമേരിക്കന്‍ മധ്യസ്ഥതയില്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പലസ്തീന്റെ പ്രതിഷേധം. അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ അധ്യക്ഷപദം പലസ്തീന്‍ ഉപേക്ഷിച്ചു. അടുത്ത ആറു മാസത്തേക്ക് പലസ്തീന് അര്‍ഹതപ്പെട്ട അറബ് ലീഗ് ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കിയാണ് അറിയിച്ചത്. ഇക്കാര്യം അറബ് ലീഗ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. 

ഏതെങ്കിലും രാജ്യത്തിന്റെ പേര് പരാമാര്‍ശിക്കാതെയാണ് പലസ്തീന്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ സാധാരണ ബന്ധം സ്ഥാപിക്കുമ്പോള്‍ അറബ് ലീഗ് അധ്യക്ഷ പദം ബഹുമാനമായി കാണാനാവില്ല. അതിനാല്‍ അധ്യക്ഷസ്ഥാനം വേണ്ടെന്നുവെക്കുകയാണ്. തീരുമാനം അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്തിനെ അറിയിച്ചതായും മാലികി വ്യക്തമാക്കി. 

ഇസ്രായേലുമായി യു.എ.ഇയും ബഹ്‌റൈനും നയതന്ത്ര കരാര്‍ ഒപ്പിട്ടതില്‍ പലസ്തീന്‍ നേരത്തെയും പ്രതിഷേധം അറിയിച്ചിരുന്നു. സ്വതന്ത്രരാജ്യമെന്ന ആഗ്രഹങ്ങളെ ഇല്ലാതാക്കുന്നതാണ് കരാറെന്നാണ് പലസ്തീന്‍ ജനതയുടെ വിമര്‍ശനം. ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടതിനെ അറബ് ലീഗില്‍ അപലപിക്കാന്‍ പലസ്തീന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടിരുന്നില്ല.

Other News