ആറുമാസമായി ശമ്പളമില്ല; ചൈനയിലെ അഫ്ഗാന്‍ അംബാസഡര്‍ ജോലി ഉപേക്ഷിച്ചു


JANUARY 12, 2022, 8:46 AM IST

ബെയ്ജിംഗ് : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതോടെ അംബാസഡര്‍മാര്‍ ഉള്‍പ്പെടെ വിദേശത്തെ നയതന്ത്ര കാര്യാലയ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ഇതു മൂലം ചൈനയിലെ അഫ്ഗാന്‍ അംബാസഡര്‍ ജാവിദ് അഹമ്മദ് ഖയീം രാജിവെച്ചു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാലാണ് രാജിയെന്ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.

താലിബാന്‍ അധികാരത്തിലേറിയതു മുതലാണ് നയതന്ത്ര കാര്യാലയ ജീവനക്കാര്‍ക്ക്് ശമ്പളം മുടങ്ങിയത്. കഴിഞ്ഞ ആറ് മാസമായി ചൈനീസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. നിലവില്‍ എംബസിയുടെ ബാങ്ക് അക്കൗണ്ട് കാലിയാണ്.- അഹമ്മദ് ഖയീം പറയുന്നു.

ചൈനയിലെ ജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് ശമ്പളം ആവശ്യപ്പെട്ട് ജനുവരി ഒന്നിന് ഖയീം അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. ഇതില്‍ പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണ് രാജി. രാജിക്ക് വ്യക്തിപരമായും അല്ലാതെയും നിരവധി കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ അതൊന്നും ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഖയീം ട്വിറ്ററില്‍ കുറിച്ചു.

മഹത്തായ കര്‍ത്തവ്യങ്ങള്‍ അവസാനിക്കുകയാണെന്ന് അഹമ്മദ് ഖയീം രേഖപ്പെടുത്തി. അംബാസഡര്‍ എന്ന നിലയിലെ തന്റെ സേവനം നിര്‍ത്തുകയാണ്. അഫ്ഗാനിസ്താനെയും, അവിടുത്തെ ജനങ്ങളെയും പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു.എംബസിയിലെ വാഹനങ്ങളുടെ താക്കോല്‍ അവിടെത്തന്നെയുണ്ടെന്നും ഖയീമിന്റെ കുറിപ്പില്‍ പറയുന്നു.

Other News