സമ്പദ് വ്യവസ്ഥയെക്കാള്‍ പ്രധാനം മനുഷ്യര്‍; ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ


JUNE 1, 2020, 5:51 AM IST

വത്തിക്കാന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ രാജ്യങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മനുഷ്യരാണ് സമ്പദ്വ്യവസ്ഥയെക്കാള്‍ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റലിയില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ മൂന്നുമാസങ്ങള്‍ക്കു ശേഷമായിരുന്നു സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ പ്രസംഗം.

സമ്പദ്‌വ്യവസ്ഥയെ സഹായിക്കാന്‍ പണം ശേഖരിക്കുന്നതല്ല, ആളുകളെ സുഖപ്പെടുത്തുന്നതാണ് പ്രധാനം. സമ്പദ്വ്യവസ്ഥയെക്കാള്‍ പ്രധാനപ്പെട്ടത് മനുഷ്യരാണ്. നമ്മളാണ് പരിശുദ്ധാത്മാവിന്റെ ആലയങ്ങള്‍, സമ്പദ്വ്യവസ്ഥയല്ല --അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് വിമര്‍ശിക്കാന്‍ മാര്‍പാപ്പ തയ്യാറായില്ല. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സെന്റ് പീറ്റേഴ്‌സ് ചത്വരം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രവിക്കാന്‍ മാസ്‌ക് അണിഞ്ഞ് നിരവധിപ്പേരാണ് എത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നിശബ്ദ പ്രാര്‍ഥനയും നടന്നു. സാമുഹിക അകലം ഉറപ്പാക്കിയായിരുന്നു പരിപാടി. മാര്‍ച്ച് ഒന്നിനായിരുന്നു മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജനങ്ങളെ അവസാനമായി ഭിസംബോധന ചെയ്തത്.

Other News