സാഹിത്യനൊബേൽ ഓള്‍ഗ ടൊക്കാർചുകിനും  പീറ്റര്‍ ഹാൻഡ്‌കെയ്ക്കും


OCTOBER 10, 2019, 8:03 PM IST


സ്റ്റോക്ഹോം:2018,2019 വർഷങ്ങളിലെ സാഹിത്യ നോബല്‍ പുരസ്‌കാങ്ങൾ പ്രഖ്യാപിച്ചു.ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‍കെയ്ക്കാണ് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കാതിരുന്ന സാഹിത്യ വിഭാഗം നൊബേലിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടൊക്കാർചുക് അർഹയായി.

മനുഷ്യാനുഭവങ്ങളെ ദേശഭേദങ്ങള്‍ക്കതീതമായി അനുഭവവേദ്യമാക്കുന്ന ഭാഷാ നൈപുണ്യമാണ് പീറ്റര്‍ ഹാന്‍ഡ്‍കെയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അതിര്‍ത്തികള്‍ മറികടക്കുന്ന സമഗ്രതയും രചനാഭാവനയുമാണ് പോളിഷ് എഴുത്തുകാരി ഓള്‍ഗയെ നൊബേലിന് അര്‍ഹയാക്കിയത്. 


ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമായ പീറ്റര്‍ ഹാന്‍ഡ്‍കെ, പഠനകാലത്തു തന്നെ എഴുത്തുകാരനായി പ്രശസ്തനായ വ്യക്തിയാണ്. ദ ഗോളീസ് ആങ്സൈറ്റി അറ്റ് ദി പെനാല്‍റ്റി ക്ലിക്, സ്ലോ ഹോം കമിങ് എന്നിവയാണ് പ്രധാന രചനകള്‍. യുഗോസ്ലാവിയന്‍ യുദ്ധങ്ങളെക്കുറിച്ചും യുഗോസ്ലാവിയയിലെ നാറ്റോ ബോംബിംഗിനെക്കുറിച്ചുമുള്ള ഹാന്‍ഡ്‍കെയുടെ രചനകൾ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ ഓള്‍ഗ ടൊക്കാര്‍ചുക് 2018ലെ മാന്‍ ബുക്കര്‍ പുരസ്‌കാര ജോതാവ് കൂടിയാണ്. മാന്‍ ബുക്കര്‍ നേടിയ ആദ്യ പോളിഷ് സാഹിത്യകാരിയുമാണ് അവര്‍. ജനപ്രീതിയില്‍ മുന്‍പന്തിയിലുള്ള ഓള്‍ഗ സാധാരണജീവിതങ്ങളെ തന്‍റെ എഴുത്തുകളിലൂടെ പ്രതിഫലിപ്പിച്ചു എന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.നര്‍മ്മവും ബുദ്ധികൂര്‍മ്മതയും നിറഞ്ഞുനില്‍ക്കുന്ന കൃതികള്‍,ലോകത്തെ ഉന്നതങ്ങളില്‍ നിന്ന് നോക്കിക്കാണുന്നവയാണെന്നും കമ്മിറ്റി പ്രശംസിച്ചു. ഫ്ലൈറ്റ്സ്, ദി ബുക്ക് ഓഫ് ജേക്കബ്‍സ്, പ്രൈമീവല്‍ ആന്‍റ് അദര്‍ ടൈംസ് എന്നിവയാണ് പ്രധാന കൃതികള്‍.

മീടു വിവാദത്തിന്‍റെയും സാമ്പത്തിക അഴിമതിയുടെയും പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷം സാഹിത്യ നൊബേല്‍ പ്രഖ്യാപിക്കാതിരുന്നത്.

Other News