ഫിലിപ്പീന്‍സില്‍ കടത്തുബോട്ടിന് തീപിടിച്ച് 12 പേര്‍ മരിച്ചു, 7 പേരെ കാണാതായി


MARCH 30, 2023, 9:07 AM IST

മനില, ഫിലിപ്പീന്‍സ് - ഫിലിപ്പീന്‍സ്‌ ദ്വീപുകള്‍ക്കിടയില്‍ 250 ഓളം യാത്രക്കാരും ജീവനക്കാരും സഞ്ചരിച്ചിരുന്ന കടത്തുബോട്ടിന് തീപിടിച്ച് കുറഞ്ഞത് 12 പേര്‍ മരിച്ചു, ഏഴ് പേരെ കാണാതായതായി ഒരു പ്രവിശ്യാ ഗവര്‍ണര്‍ വ്യാഴാഴ്ച പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ദുരന്തം.

തീയുടെ ആളിപ്പിടിച്ചതിനെതുടര്‍ന്ന് പരിഭ്രാന്തരായി നിരവധി പേര്‍ ബോട്ടില്‍ നിന്ന് ചാടി. ഇവരില്‍ ചിലരെ കോസ്റ്റ് ഗാര്‍ഡും നാവികസേനയും മറ്റൊരു കടത്തുബോട്ട് ജീവനക്കാരും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കടലില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് തെക്കന്‍ ദ്വീപ് പ്രവിശ്യയായ ബസിലാനിലെ ഗവര്‍ണര്‍ ജിം ഹതമാന്‍ പറഞ്ഞു. കാണാതായവര്‍ക്കായുള്ള തിരച്ചിലും, രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അഗ്നിബാധയുണ്ടായ എംവി ലേഡി മേരി ജോയ് 3 ബോട്ടില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരെയും ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയെങ്കിലും വിവിധ റെസ്‌ക്യൂ ടീമുകള്‍ രക്ഷപ്പെടുത്തിയവരുടെയും മരണപ്പെട്ടവനരുടെയും എണ്ണം അധികൃതര്‍ രണ്ടുതവണ പരിശോധിച്ചുവരികയാണെന്നും കണക്കുകള്‍ മാറാന്‍ സാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

തെക്കന്‍ തുറമുഖ നഗരമായ സാംബോംഗയില്‍ നിന്ന് സുലു പ്രവിശ്യയിലെ ജോലോ പട്ടണത്തിലേക്ക് പോകുകയായിരുന്ന കടത്തുവള്ളത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോട് അടുത്താണ് തീപിടിച്ചത്.

മരിച്ചവരില്‍ മൂന്ന് കുട്ടികളെങ്കിലും ഉള്‍പ്പെടുന്നു. കുറഞ്ഞത് 23 യാത്രക്കാരെ പരിക്കേറ്റ നിലയില്‍ ആശുപത്രികളില്‍ എത്തിച്ചു- അദ്ദേഹം പറഞ്ഞു.

''തീപിടിത്തമുണ്ടായ ബഹളത്തെ തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു. ചിലര്‍ ബോട്ടില്‍ നിന്ന് ചാടി,'' ജിം ഹതമാന്‍ അസോസിയേറ്റഡ് പ്രസ്സിനോട് ടെലിഫോണിലൂടെ പറഞ്ഞു.

മരിച്ചവരില്‍ ഭൂരിഭാഗവും പേരെയും കടലില്‍ നിന്ന് കണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു.കത്തിനശിച്ച കടത്തുബോട്ട് തീരത്തേക്ക് കൊണ്ടുവന്നു, അന്വേഷണം നടക്കുകയാണ്, ജിം ഹതമാന്‍ പറഞ്ഞു.

ഫിലിപ്പൈന്‍ ദ്വീപസമൂഹത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന കൊടുങ്കാറ്റ്, മോശമായി പരിപാലിക്കുന്ന ബോട്ടുകള്‍, തിരക്ക്, സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാതിരിക്കല്‍ എന്നിവ കാരണം  അപകടങ്ങള്‍ സാധാരണമാണ്, പ്രത്യേകിച്ച് വിദൂര പ്രവിശ്യകളില്‍.

1987 ഡിസംബറില്‍, ഒരു ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് ഡോണ പാസ് എന്ന കടത്തുവള്ളം മുങ്ങിയിരുന്നു. ലോകത്തിലെ ഏറ്റവും മോശമായ ആ കടല്‍ ദുരന്തത്തില്‍ 4,300-ലധികം ആളുകളാണ് മരിച്ചത്.

Other News