ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ഫിലിപ്പൈന്‍സ് വാങ്ങുന്നു


JANUARY 14, 2022, 8:32 PM IST

മനില: ഇന്ത്യയുടെ കപ്പല്‍ വേധ മിസൈല്‍ ബ്രഹ്മോസ് തങ്ങളുടെ നാവിക സേനയ്ക്ക് വാങ്ങാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം ഫിലിപ്പൈന്‍സ് അംഗീകരിച്ചു. ബ്രഹ്മോസ് മിസൈല്‍ വാങ്ങുന്നതിന് ഇരു സര്‍ക്കാരുകളും നേരത്തെ ഇംപ്ലിമെന്റിംഗ് കരാറില്‍ നേരത്തെ ഒപ്പുവെച്ചിരുന്നു. 374.9 ദശലക്ഷത്തിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. 

ദക്ഷിണ ചൈനാ കടലില്‍ ചൈനയെ പ്രധാന എതിരാളിയായി കാണുന്നതിനാല്‍ ഫിലിപ്പൈന്‍സ് തങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ നാവിക വകഭേദം ഇന്ത്യ ഐ എന്‍ എസ് വിശാഖപട്ടണത്തു നിന്നും വിക്ഷേപിച്ചിരുന്നു. മിസൈലിന് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരുന്നു. ബ്രഹ്മോസ് മിസൈലിന്റെ കടല്‍ വകഭേദത്തിന് 350 മതുല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട്. 

ആയുധ കയറ്റുമതി വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതിനാല്‍ വിയറ്റ്‌നാമിലേക്കും ആയുധം നല്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2025ഓടെ അഞ്ച് ബില്യന്‍ ഡോളറിന്റെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

അന്തര്‍വാഹിനികളില്‍ നിന്നും കപ്പലുകളില്‍ നിന്നും യുദ്ധവിമാനങ്ങളില്‍ നിന്നും കരയില്‍ നിന്നും വിക്ഷേപിക്കാന്‍ ശേഷിയുള്ള സൂപ്പര്‍സോണിക്ക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 

ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും (ഡി ആര്‍ ഡി ഒ) റഷ്യയിലെ ഫെഡറല്‍ സ്റ്റേറ്റ് യൂണിറ്റി എന്റര്‍പ്രൈസസ് എന്‍ പി ഒ മഷിനോസ്‌ട്രോവേനിയയും (എന്‍ പി ഒ എം) സംയുക്ത സംരംഭമായാണ് മിസൈല്‍ വികസിപ്പിച്ചത്. 

നൂതന എംബഡഡ് സോഫ്റ്റ്‌വെയറിനോടൊപ്പം സ്റ്റെല്‍ത്ത് ടെക്‌നോളജിയും ഗൈഡന്‍സ് സിസ്റ്റവും മിസൈലില്‍ സംയോജിപ്പിച്ചിട്ടുണ്ട്.

Other News