ഇസ്ലാമാബാദ്: തന്റെ ലാഹോറിലെ വസതിയിലേക്ക് പൊലീസ് ഇരച്ചുകയറി അക്രമം നടത്തിയ സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ പത്ത് തെഹ്രീകെ ഇന്‍സാഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. 30 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വീടിന് മുന്‍വശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് ആണ് പൊലീസ് അകത്ത് കയറിയത്. ഈ സമയത്ത് ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീഗം മാത്രമെ ഉണ്ടായിരുന്നൊളളു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടുകയായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
'ബുഷ്‌റ ബീഗം മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പഞ്ചാബ് പൊലീസ് സമന്‍ പാര്‍ക്കിലെ വീട്ടിലേക്ക് ഇരച്ചുകയറി അതിക്രമം കാട്ടി. ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ് അവര്‍ ഇതു ചെയ്തത്? ഒരു നിയമനം അംഗീകരിച്ചതിന്റെ പ്രത്യുപകാരമായി ഒളിവിലുള്ള നവാസ് ഷരീഫിനെ തിരികെയെത്തിച്ച് അധികാരത്തിലേറ്റാനുള്ള 'ലണ്ടന്‍ പ്ലാനി'ന്റെ ഭാഗമാണിത്,' സംഭവത്തിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
അഴിമതിക്കേസിലെ വിചാരണയുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദിലെ കോടതിയിലേക്ക് ഇമ്രാന്‍ ഖാന്‍ പോയതിന് പിന്നാലെ പൊലീസ് വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.നേരത്തെ തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.
പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ലഭിച്ച സമ്മാനങ്ങള്‍ അമിത വിലയ്ക്ക് വിറ്റ് നികുതിവെട്ടിപ്പു നടത്തിയതാണ് തോഷഖാന കേസ്. പാകിസ്താന്‍ പൊലീസിന്റെ പദ്ധതി അറസ്റ്റല്ല തന്നെ തട്ടിയെടുത്തു കൊലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ ബുധനാഴ്ച ആരോപിച്ചു.