അമേരിക്കൻ പിന്തുണയിൽ അട്ടിമറി: ബൊളീവിയയിൽ മൊറാലിസ് പുറത്ത്;തടങ്കലിലാക്കാൻ നീക്കം


NOVEMBER 12, 2019, 8:57 PM IST

ലാപാസ്‌:ബൊളീവിയയിൽ അമേരിക്കൻ പിന്തുണയുള്ള വലതുപക്ഷം പട്ടാളത്തിന്റെ സഹായത്തോടെ നടത്തിയ അട്ടിമറിയിൽ സോഷ്യലിസ്‌റ്റ്‌ പ്രസിഡന്റ്‌ ഇവോ മൊറാലിസ്‌ പുറത്തായി. ഒക്‌ടോബർ 20ന്‌ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മൊറാലിസ്‌ വീണ്ടും വിജയിച്ചത്‌ അംഗീകരിക്കാതെയാണ്‌ പ്രതിപക്ഷം അട്ടിമറി നടത്തിയത്‌.

ഇവർ നടത്തിവന്ന അക്രമസമരം അവസാനിപ്പിക്കാൻ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ മൊറാലിസ്‌ പ്രഖ്യാപിച്ചതിന്‌ പിന്നാലെ പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്ന്‌ സേനാ തലവൻ ജനറൽ വില്യം കലിമ ടെലിവിഷനിലൂടെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്‌ അദ്ദേഹം രാജിപ്രഖ്യാപിച്ചു. മൊറാലിസ്‌ വീണ്ടും അധികാരത്തിൽ വരുന്നത്‌ തടയാൻ അദ്ദേഹത്തെ തടങ്കലിലാക്കാൻ വലതുപക്ഷം നീക്കം ആരംഭിച്ചു.

കഴിഞ്ഞമാസം നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ ഫലം ഒരുദിവസം വൈകിയതിന്റെ പേരിലാണ്‌ വലതുപക്ഷം ക്രമക്കേട്‌ ആരോപിച്ച്‌ തെരുവിലിറങ്ങിയത്‌. ഇവർ അക്രമം ആരംഭിച്ചതിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ മൂന്ന്‌ പേർ മരിക്കുകയും നൂറോളം പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ശനിയാഴ്‌ച സർക്കാർ നിയന്ത്രണത്തിലുള്ള രണ്ട്‌ മാധ്യമസ്ഥാപനങ്ങൾ പിടിച്ചെടുത്ത അട്ടിമറിക്കാർ മൊറാലിസിന്റെ സഹോദരിയുടെ വീടടക്കം ആക്രമിച്ചു.ഞായറാഴ്‌ച മൊറാലിസിന്റെയും പ്രസിഡൻസി മന്ത്രി ഹുവാൻ റമോൺ ക്വിന്റാനെയുടെയും മറ്റ്‌ നിരവധി നേതാക്കളുടെയും വസതികൾ  ആക്രമിച്ചു. ക്വിന്റാനെയുടെ വീട്ടിൽനിന്ന്‌ സർക്കാർ രേഖകളടക്കം കടത്തിക്കൊണ്ടുപോയി.

തന്റെ സഹോദരീസഹോദരന്മാരായ ജനങ്ങളും നേതാക്കളും ഭരണകക്ഷിയായ ‘മൂവ്‌മെന്റ്‌ ടുവേഡ്‌സ്‌ സോഷ്യലിസം’ ഭാരവാഹികളും തുടർന്നും ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്‌ ഒഴിവാക്കാനാണ്‌ താൻ രാജിവയ്‌ക്കുന്നതെന്ന്‌ മൊറാലിസ്‌ അറിയിച്ചു. ഇതുകൊണ്ട്‌ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അത്‌ തുടരുകയാണെന്നും മൊറാലിസ്‌ പ്രഖ്യാപിച്ചു.

അമേരിക്കൻ നിയന്ത്രണത്തിലുള്ള മേഖലാ കൂട്ടായ്‌മയായ ‘അമേരിക്കൻ രാഷ്‌ട്ര സംഘടന’ തെരഞ്ഞെടുപ്പിൽ ക്രമക്കേട്‌ നടന്നതായി ആരോപിച്ചതിന്‌ പിന്നാലെയാണ്‌ മൊറാലിസ്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ചത്‌. എന്നാൽ, ഇത്‌ അംഗീകരിക്കാതെയായിരുന്നു സേനാ തലവന്റെ ഇടപെടൽ. സർക്കാർ സംവിധാനങ്ങളുടെയും നേതാക്കളുടെയും  സുരക്ഷയ്‌ക്കുണ്ടായിരുന്ന ഭടന്മാരെ അട്ടിമറിക്ക്‌ മുന്നോടിയായി സേനയുടെയും സായുധ പൊലീസിന്റെയും അധിപന്മാർ പിൻവലിച്ചിരുന്നു.

മൊറാലിസിന്റെ 13 വർഷത്തെ ഭരണത്തിൽ ബൊളീവിയയിലെ പ്രകൃതി വിഭവങ്ങൾ ദേശസാൽക്കരിച്ചതടക്കമുള്ള നടപടികൾ അമേരിക്കയുടെയും കോർപറേറ്റുകളുടെയും താൽപ്പര്യങ്ങൾക്ക്‌ എതിരായിരുന്നു. മേഖലയിലെ ഏറ്റവും ദരിദ്ര രാജ്യമായ ബൊളീവിയയുടെ ജിഡിപി മൊറാലിസ്‌ ഭരണത്തിൽ ലാറ്റിനമേരിക്കയിലെ ഏറ്റവും വളർച്ചയുള്ളതായി. രാജ്യത്തെ 20 ലക്ഷത്തിൽപ്പരമാളുകൾ ദാരിദ്ര്യത്തിൽനിന്ന്‌ മോചിതരായി.

Other News