ന്യൂസിലന്‍ഡില്‍ ജസീന്ത ആര്‍ഡെന്‍ വീണ്ടും അധികാരത്തിലേറുമെന്ന് അഭിപ്രായ സര്‍വേ


SEPTEMBER 23, 2020, 1:56 AM IST

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ വീണ്ടും അധികാരത്തിലേറുമെന്ന് അഭിപ്രായ സര്‍വേ. കോവിഡ് കാലത്ത് മികച്ച പ്രതിരോധ നടപടികളിലൂടെ രാജ്യത്തെ നയിച്ചതോടെ ജസീന്തയുടെ ജനപ്രീതി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. അതേസമയം, ഇക്കാര്യങ്ങളൊന്നും ഗൗരവമായെടുക്കുന്നില്ലെന്നായിരുന്നു ജസീന്തയുടെ പ്രതികരണം.

വണ്‍ ന്യൂസ് കൊള്‍മാര്‍ ബ്രണ്ടന്‍ അഭിപ്രായ വോട്ടെടുപ്പില്‍ ജസീന്തയുടെ ലിബറല്‍ കാഴ്ചപ്പാടുകളുള്ള ലേബര്‍ പാര്‍ട്ടിക്ക് 48 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്. അതേസമയം, പ്രതിപക്ഷ നേതാവായ ജൂഡിത് കോളിന്‍സിന്റെ നേതൃത്വം കൊടുക്കുന്ന യാഥാസ്ഥിതികരായ നാഷണല്‍ പാര്‍ട്ടിക്ക് 31 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ലഭിച്ചത്. പ്രധാനമന്ത്രി പദത്തിലേക്ക് ജസീന്തയ്ക്ക് 54 ശതമാനത്തിന്റെ പിന്തുണ ലഭിച്ചപ്പോള്‍ കോളിന്‍സിന് വെറും 18 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്.

ആറുമാസം മുമ്പ്, രാജ്യത്തെ സാരമായി ബാധിച്ചേക്കാവുന്ന കോവിഡ് ആഞ്ഞടുത്തപ്പോള്‍ ജനതയെ അതിനു വിട്ടുകൊടുക്കാതെ ചേര്‍ത്തുപിടിച്ചതിനു അംഗീകാരമാണ് ജസീന്തയ്ക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അവരുടെ കോവിഡ് പ്രതിരോധം വിജയിക്കുകയും ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യ ടെലിവിഷന്‍ സംവാദത്തിനായുള്ള തയ്യാറെടുപ്പിലാണ് ജസീന്തയും കോളിന്‍സും. ഒക്ടോബര്‍ 17ന് വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, നികുതി എന്നിവ സംബന്ധിച്ച് നടന്ന സംവാദത്തില്‍ ഇരുനേതാക്കളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചിരുന്നു.

Other News