ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാ സൈനിക രാജകീയ പദവികളും തിരിച്ചെടുത്ത് എലിസബത്ത് രാജ്ഞി


JANUARY 14, 2022, 8:49 AM IST

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ മകനായ ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാ സൈനിക രാജകീയ പദവികളും എടുത്ത് മാറ്റി ബക്കിംങ്ഹാം കോട്ടാരം. എലിസബത്ത് രാജ്ഞിയാണ് ഈ ഉത്തരവ് ഇറക്കിയത്.

അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ  വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നുള്ള കര്‍ശന നടപടി.

എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ. ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ രാജ്ഞിയുടെ സമ്മതത്തോടെ ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്റെ എല്ലാ സൈനിക, രാജകീയ അവകാശങ്ങളും തിരിച്ചു വാങ്ങിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  മാത്രമല്ല ഇനി ഇദ്ദേഹത്തിന് ഒരു രാജകീയ പദവിയും ഇല്ലെന്നും, കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെത്തന്നെ ഇദ്ദേഹം നേരിടുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജയിലില്‍വച്ച്  മരിക്കുകയും ചെയ്ത അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ്രി എപ്‌സ്‌റ്റൈന്റെ (Jeffrey Epstein) നിര്‍ദേശപ്രകാരം രാജകുമാരനുവേണ്ടി 17ാം വയസ്സില്‍ തന്നെ എത്തിച്ചുകൊടുത്തുവെന്ന് വെര്‍ജീനിയ (Virginia Giuffre) എന്ന യുവതി നടത്തിയ ആരോപണത്തിലാണ് ആന്‍ഡ്രൂവിനെതിരെ ഈ കോടതി വിധി വന്നിരിക്കുന്നത്.

ജെഫ്രി എപ്സ്‌റ്റൈനും ആന്‍ഡ്രൂ രാജകുമാരനും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചശേഷം പരാതിയില്‍ നടപടി ആവശ്യമില്ലെന്ന് തീരുമാനിച്ചതായി കഴിഞ്ഞ ഒക്ടോബറില്‍ ബ്രിട്ടീഷ് പൊലീസ് പറഞ്ഞിരുന്നുവെങ്കിലും അമേരിക്കയില്‍ വിര്‍ജീനിയ നല്‍കിയ സിവില്‍കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ ആന്‍ഡ്രൂ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും അത് കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളി. ഇതിനെ തുടര്‍ന്നാണ് വിര്‍ജീനയ്ക്ക് കേസുമായി മുന്നോട്ട് പോകാനുള്ള കോടതി അനുമതി ലഭിച്ചത്.

Other News