ബീജിംഗ് / മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് കാന്‍സര്‍ ബാധിതനാണെന്നും ഉടന്‍ ശസ്ത്രക്രിയയ്ക്കുവിധേയനാകുമെന്നും പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ചൈനീസ് പ്രസിഡന്റ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ ആരോഗ്യനിലയെക്കുറിച്ചും അഭ്യൂഹങ്ങള്‍ പരക്കുന്നു.
പ്രസിഡന്റ് ഷി ജിന്‍ പിങ് മസ്തിഷ്ക രോഗത്തിന് ചികിത്സ തേടിയെന്ന റിപ്പോര്‍ട്ടുകളാണ് പരക്കുന്നത്. മസ്തിഷ്കത്തെ ഗുരുതരമായി ബാധിക്കുന്ന സെറിബ്രല്‍ അന്യൂറിസം എന്ന രോഗമാണ് ഷീ ജിന്‍പിങിനെ ബാധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തലച്ചോറിലെ രക്തക്കുഴലുകളുടെ ഭിത്തിയിലെ ദുര്‍ബലമായ ഭാഗത്ത് മുഴ ഉണ്ടാകുന്ന അവസ്ഥയാണ് സെറിബ്രല്‍ അന്യൂറിസം അല്ലെങ്കില്‍ ഇന്‍ട്രാക്രാനിയല്‍ അന്യൂറിസം. സെറിബ്രല്‍ അന്യൂറിസം വികസിക്കുകയും രക്തക്കുഴലുകളുടെ മതില് വളരെ നേര്‍ത്തതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത് പൊട്ടി തലച്ചോറിന് ചുറ്റുമുള്ള സ്ഥലത്തേക്ക് രക്തം ഒഴുകും. ഇത് മരണത്തിന് വരെ കാരണമാകാം.
രോഗാവസ്ഥ രൂക്ഷമായതിനെത്തുടര്‍ന്ന് പ്രസിഡന്റിനെ 2021 അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഈ രോഗത്തിന്റെ പ്രധാന ചികിത്സാ വിധികളിലൊന്നായ ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് ചികിത്സ സ്വീകരിക്കാനാണ് ഷീ ജിന്‍പിംഗിന്റെ തീരുമാനമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഷീ ജിന്‍പിങ് ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. 2019 ലെ ഇറ്റലി സന്ദര്‍ശനത്തില്‍ ഷീ ജിന്‍പിങ് നടക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. മാത്രമല്ല അതേവര്‍ഷം നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഇരിക്കുന്നതിനായി അദ്ദേഹം പരസഹായം തേടിയതും വാര്‍ത്തയായിരുന്നു. പ്രസംഗങ്ങളില്‍ വളരെ പതിയെ മാത്രം സംസാരിക്കുന്നതും ഇടക്കിടെ ചുമയ്ക്കുന്നതും സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.
സെറിബ്രല്‍ അന്യൂറിസത്തിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും വ്യക്തമല്ല. ബലക്കുറവുള്ള രക്തക്കുഴലുകളോടെ ജനിക്കുന്നവര്‍ക്ക് അന്യൂറിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രായം, കുടുംബാംഗങ്ങളില്‍ അന്യൂറിസം ഉള്ളവര്‍ ഉള്ളത്, തലയ്ക്കേല്‍ക്കുന്ന പരിക്ക്, അതിറോസ് ക്ലീറോസിസ് എന്നിവ കാരണമായി പറയപ്പെടുന്നു.
ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കേയാണ് ഷീ ജിന്‍ പിങിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്തു വരുന്നത്. മാത്രമല്ല രാജ്യം കണ്ട ഏറ്റവും വലിയ കോവിഡ് വ്യാപന പ്രതിസന്ധിയാണ് ചൈന നേരിട്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനയിലെ തന്ത്രപ്രധാനമായ നഗരങ്ങളായ ബീജിംഗിലും ഷാങ്ഹായിലും കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കാന്‍സര്‍ ബാധിതനാണെന്നും ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അതുവരെ ഭരണചുമതല വിശ്വസ്തനെ ഏല്പിക്കുമെന്നും പാശ്ചാത്യ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളാണെന്ന് വീണ്ടും വാര്‍ത്തകള്‍ വന്നു. മോസ്കോയിലെ റെഡ് സ്ക്വയറില്‍ നിന്നുള്ള പുടിന്റെ ചിത്രങ്ങളാണ് ആഗോള വ്യാപകമായി പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. രണ്ടാം ലോക യുദ്ധത്തില്‍ നാസി ജര്‍മനിക്ക് മേല്‍ സോവിയറ്റ് യൂണിയന് നേടിയ വിജയത്തിന്റെ 77-ാം വാര്‍ഷിക വേളയിലാണ് കാലില്‍ കമ്പിളി പുതച്ച് തണുപ്പകറ്റാന്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന പുടിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. കടുംപച്ചനിറമുള്ള കമ്പിളികൊണ്ടാണ് കാല് മറച്ചിരിക്കുന്നത്.
ഇടയ്ക്ക് ചുമയ്ക്കുന്നുണ്ടായിരുന്നുവെന്നും റഷ്യയിലെ അതിശൈത്യം പുടിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് വിവരം. പാര്‍ക്കിന്‍സണ്‍സും കാന്‍സറും ആണെന്നും അഭ്യൂഹങ്ങളുണ്ട്. പുടിന് കാന്‍സര്‍ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ പോകുന്നുവെന്ന് പാശ്ചാത്യമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു
അതേസമയം, ഉക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള യാതൊരു സൂചനകളും പുടിന് പ്രസംഗത്തില്‍ നല്‍കിയില്ല. ഭാവി തലമുറയ്ക്ക് വേണ്ടിയും മാതൃരാജ്യത്തിന് വേണ്ടിയുമാണ് യുദ്ധമെന്നാണ് പുടിന്റെ ന്യായീകരണം.