ഖത്തര്‍ ഉപപ്രധാനമന്ത്രി കാബൂളിലെത്തി; പുതിയ താലിബാന്‍ ഭരണത്തിലെ ആദ്യ വിദേശ രാഷ്ട്ര നേതാവ്


SEPTEMBER 14, 2021, 9:21 AM IST

ദോഹ: ഖത്തര്‍ ഉപപ്രധാനമന്ത്രി കാബൂളിലെത്തി. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി കാബൂളിലെത്തിയത്.

കാബൂള്‍ വിമാനത്താവളത്തില്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇതാദ്യമായാണ് താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു രാജ്യത്തെ ഉന്നത രാഷ്ട്രീയ പദവിയിലുള്ള നേതാവ് അഫ്ഗാന്‍ സന്ദര്‍ശിക്കുന്നത്.

താലിബാന്‍ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അകുന്ദുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇടക്കാല മന്ത്രിസഭയിലെ മന്ത്രിസഭാംഗങ്ങള്‍, അഫ്ഗാനിലെ ഖത്തര്‍ അംബാസഡര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇവര്‍ വിലിരുത്തി. അതിന് ശേഷം അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമിദ് കര്‍സായി, സമാധാന സമിതി ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തി.

അമേരിക്കന്‍ സേനയും താലിബാന്‍ നേതൃത്വവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറായിരുന്നു. താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷവും അഫ്ഗാനിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും, നയതന്ത്ര ചര്‍ച്ചകള്‍ക്കും ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്നാണ് ഖത്തര്‍ നിലപാട്.

Other News