കമലാ ഹാരിസിനെതിരായ വംശീയാധിക്ഷേപം;  ട്വീറ്റ്‌ ട്രമ്പ് ജൂനിയര്‍  ഷെയര്‍ ചെയ്തു


JULY 1, 2019, 8:12 PM IST

വാഷിങ്ടണ്‍: 2020 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചതിനു പിറകെ ഇന്ത്യന്‍ വംശജയായ സെനറ്റംഗം കമലാ ഹാരിസിനെതിരെ വംശീയാധിക്ഷേപം. 'അമേരിക്കന്‍ വംശജയായ കറുത്തവര്‍ഗക്കാരി' അല്ലെന്നാണ്‌ അധിക്ഷേപം.

54കാരിയായ കമല ഹാരിസിന്റെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ ജമൈക്കനുമാണ്.  മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരിട്ടതിനു സമാനമായ 'ബര്‍ത്തെറിസം' (യഥാര്‍ഥ യു.എസ്. പൗരനല്ലെും പ്രസിഡന്റാകാന്‍ അധികാരമില്ലെന്നാരോപിച്ചുള്ള അധിക്ഷേപം) ആക്രമണത്തിനാണ് കമല വിധേയയാകുതെന്ന് ഇതിനെക്കുറിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ട്‌ പറയുന്നു. കാലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്റംഗമാണ് നിലവില്‍ കമല.

'എന്നെപ്പോലെയുള്ള അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ ചരിത്രം ചിലര്‍ അപഹരിക്കുകയും ആ സ്വത്വം തെരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റാന്‍  സംവാദത്തില്‍ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ ഞാനുള്‍പ്പടെയുള്ളവരാണ്.. അവരല്ല... വലതുവംശീയവാദിയായ അലി അലക്‌സാന്‍ഡര്‍ എന്നയാള്‍ ട്വിറ്ററില്‍ പറയുന്നു. ഇയാളുടെ ട്വീറ്റ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ മകന്‍ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍ പങ്കുവെച്ചിട്ടുമുണ്ട്.

അതേസമയം ഒബാമ നേരിട്ട അതേ വംശീയാധിക്ഷേപമാണു കമലയ്ക്കുനേരെയും ഉണ്ടായിരിക്കുന്നതെന്നും അന്ന് അത് വിജയിച്ചില്ല, ഇനി വിജയിക്കാനും പോകുന്നില്ല എന്നും കമല ഹാരിസിന്റെ പ്രചാരണവിഭാഗം കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലില്ലി ആംഡസ് പ്രതികരിച്ചു.

യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് കമലാ ഹാരിസ്.
Other News