റെംഡിസിവിയര്‍ കോവിഡ് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന


OCTOBER 16, 2020, 3:56 PM IST

ന്യൂയോര്‍ക്ക് : റെംഡിസിവിയര്‍ കോവിഡിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിലൊടുവിലാണ് ഇത് സംബന്ധിച്ച നിഗമനത്തില്‍ എത്തിയത്.

കോവിഡ് ചികിത്സയ്ക്ക് ആദ്യം ഉപയോഗിച്ച മരുന്നായിരുന്നു റെംഡിസിവിയര്‍. ഹൈഡ്രോക്സിക്ലോറോക്വിന്‍, റെംഡിസിവിയര്‍, ലോപിനാവിര്‍/റിട്ടോണാവിര്‍, ഇന്റര്‍ഫെറോണ്‍ എന്നീ നാല് മരുന്നുകള്‍ 30 രാജ്യങ്ങളിലായി 11,266 പേരിലാണ് പരീക്ഷണം നടത്തിയത്. ഈ മരുന്നുകളൊന്നും കൊവിഡ് രോഗത്തിന് പ്രതിവിധിയല്ലെന്നാണ് കണ്ടെത്തല്‍.

കോവിഡിനെതിരെ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈഡ്രോക്സിക്ലോറോക്വിന്‍, ലോപിനാവിര്‍/റിട്ടോണാവിര്‍ എന്നിവയുടെ പരീക്ഷണം ജൂണോടെ നിര്‍ത്തിയിരുന്നുവെങ്കിലും മറ്റ് മരുന്നുകളുടെ പരീക്ഷണം അഞ്ഞൂറോളം ആശുപത്രികളില്‍ തുടര്‍ന്നിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. അടുത്ത നടപടിയെന്ത് എന്ന ചോദ്യമാണ് ഇപ്പോഴുള്ളതെന്നും കഴിഞ്ഞ മാസങ്ങള്‍ക്കിടെ വികസിപ്പിച്ച പുതിയ ആന്റി-വൈറല്‍ മരുന്നുകളിലാണ് നിലവില്‍ പരീക്ഷണം നടക്കുന്നതെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

നേരത്തെ റെംഡിസിവിയര്‍ മരുന്ന് കൊവിഡ് രോഗമുക്തി നിരക്ക് അഞ്ചിരട്ടി വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് യുഎസ് പഠന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ലോകാരോഗ്യസംഘടനയുടെ നിലവിലെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Other News