ഇറാഖില്‍ യു.എസ് സൈനിക ക്യാംപിനുനേരെ റോക്കറ്റാക്രമണം


FEBRUARY 14, 2020, 10:09 AM IST

ബാഗ്ദാദ്: ഇറാഖില്‍ അമേരിക്കന്‍ സൈനിക ക്യാംപിനുനേരെ റോക്കറ്റാക്രമണം. വ്യാഴാഴ്ച രാത്രിയാണ് കിര്‍കുക്കില്‍ സൈനികര്‍ ക്യാംപ് ചെയ്തിരുന്ന സ്ഥലത്ത് ആക്രമണമുണ്ടായത്. അതേസമയം, ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഇല്ലെന്നാണ് യു.എസ്, ഇറാഖി സൈനികരെ ഉദ്ധരിച്ചുകൊണ്ട് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കിര്‍കുക്കിലെ കെ1 സൈനിക ക്യാംപിനുനേരെയാണ് ആക്രമണമുണ്ടായത്. ഡിസംബര്‍ 27ന് യു.എസ് കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടത് ഇവിടെ വെച്ചായിരുന്നു. അന്ന് 30 റോക്കറ്റുകളാണ് കേന്ദ്രത്തില്‍ പതിച്ചത്. ഇറാനുമായി ബന്ധമുള്ള ഇറാഖി വിമത സംഘടന കതെയ്ബ് ഹിസ്ബുള്ളയാണ് ആക്രമണത്തിന് പിന്നിലെന്നു യുഎസ് ആരോപണമുന്നയിച്ചിരുന്നു. പിന്നാലെ യു.എസ് സേന നടത്തിയ ആക്രമണത്തില്‍ 25 കതെയ്ബ് ഹിസ്ബുള്ള പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്കിപ്പുറം യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ബാഗ്ദാദില്‍വെച്ച് ഖാസിം സുലൈമാനിയും കതെയ്ബ് ഹിസ്ബുള്ള സഹസ്ഥാപകന്‍ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇറാന്റെ ഭാഗത്തുനിന്നും വിവിധ തരത്തിലുള്ള പ്രത്യാക്രമണങ്ങള്‍ യു.എസ് നേരിടുന്നുണ്ട്. അതേസമയം, ഡിസംബറിനുശേഷം ഇന്നലെയാണ് കെ1 ക്യാംപിനുനേരെ വീണ്ടും ആക്രമണമുണ്ടാകുന്നത്.

Other News