അന്താരാഷ്ട്ര ഉപരോധം നീക്കിയാല്‍ ആഗോള ഭക്ഷ്യക്ഷാമം നീക്കാമെന്ന്  പുടിന്‍


MAY 28, 2022, 7:30 AM IST

മോസ്‌കോ: അന്താരാഷ്ട്ര ഉപരോധം നീക്കിയാല്‍ ആഗോള ഭക്ഷ്യക്ഷാമം നീക്കാമെന്ന വാഗ്ദാനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. നാറ്റോ രാജ്യങ്ങളോടാണ് റഷ്യയുടെ വിലപേശല്‍. യുക്രൈന്‍ തുറമുഖങ്ങളില്‍ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ റഷ്യ അനുവദിക്കാത്തതാണ് ഭക്ഷ്യക്ഷാമം രൂക്ഷമാകാന്‍ കാരണം. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് പുടിന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചത്.

യുക്രൈനും റഷ്യയുമാണ് യൂറോപ്പിലേക്ക് വലിയൊരു ശതമാനം ഭക്ഷ്യധാന്യവും സസ്യഎണ്ണയും എത്തിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതോടെ കരിങ്കടലില്‍ സൈന്യത്തെ വിന്യസിച്ച റഷ്യ എല്ലാ കപ്പല്‍ ഗതാഗതവും തടഞ്ഞിരിക്കുകയാണ്. യുക്രൈന്‍ തുറമുഖങ്ങളില്‍ 20 ദശലക്ഷം ടണ്ണിലേറെ ഭക്ഷ്യധാന്യങ്ങളാണ് കെട്ടികിടക്കുന്നത്.

യുക്രൈനിലെ യുദ്ധക്കെടുതിയില്‍ രാജ്യംവിടേണ്ടി വന്ന ജനങ്ങളുടെ കയ്യില്‍ നിന്നുപോലും ധാന്യങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചുവെച്ചുവെന്നും നാറ്റോ സഖ്യം ആരോപിച്ചിരുന്നു. ഭക്ഷ്യസാധനങ്ങള്‍ തടഞ്ഞുവെയ്ക്കുക എന്നാല്‍ മനുഷ്യത്വത്തോട് ചെയ്യുന്ന ക്രൂരത യാണെന്നും റഷ്യ ഇപ്പോള്‍ ആഗോള മനുഷ്യസമൂഹത്തെ ബ്ലാക്മെയില്‍ ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ആരോപിച്ചു.

കോവിഡിന് പുറമെ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയാണെന്ന് ലോകബാങ്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

റഷ്യയുടെ യുക്രൈന്‍ അധിനിവേശം പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. കോവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു. കഴിഞ്ഞ മാസം ലോകബാങ്ക് ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം 3.2 ശതമാനമായി കുറച്ചിരുന്നു.

യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെ പലഭാഗങ്ങളിലും ഊര്‍ജ പ്രതിസന്ധി രൂക്ഷമാണ്. ഇന്ധനത്തിന് വില ഉയരുന്നത് വലിയ സാമ്പത്തിക രംഗങ്ങളെപ്പോലും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റേയും ഊര്‍ജത്തിന്റേയും ഇന്ധനത്തിന്റേയും ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ് ലോകബാങ്കിന് മുന്നിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. ഇന്ധനത്തിനായി റഷ്യയെ പൂര്‍ണമായും ആശ്രയിച്ച യൂറോപ്പ് അധിനിവേശവും അതേത്തുടര്‍ന്നുള്ള ഉപരോധവും മൂലം സമ്മര്‍ദത്തിലാണെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു.

Other News