റഷ്യയുടെ സൈനിക ശാക്തീകരണം വാഷിംഗ്ടണില്‍ ജാഗ്രത വര്‍ധിപ്പിച്ചു


NOVEMBER 26, 2021, 7:47 AM IST

വാഷിംഗ്ടണ്‍: റഷ്യന്‍ സൈന്യം ഉക്രെയ്‌നിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വാഷിങ്ടണില്‍ ആശങ്കയും ജാഗ്രതയും. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഏറെനാളായി റഷ്യന്‍ സൈന്യം ആക്രമണത്തിനുസമാനമായ ഒരുക്കങ്ങള്‍ നടത്തുന്നുവെന്നാണ് രഹസ്യന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

താങ്ക്‌സ്ഗിവിംഗ് അവധിക്ക് റഷ്യന്‍ തലസ്ഥാനം ശാന്തമാണെങ്കിലും, രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വിവിധ സ്ഥലങ്ങളില്‍ ഏകദേശം 100,000 റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ബൈഡന്‍ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്നത്.  റഷ്യ സൈനിക വിന്യാസം കുറയ്ക്കുന്നതിന്റെ സൂചനകളൊന്നുമില്ലാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

റഷ്യയ്ക്കും ഉക്രെയ്‌നിനുമിടയില്‍ പിരിമുറുക്കം വളരെയധികം വളര്‍ന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഉക്രെയ്‌നിലെ യുഎസ് എംബസി ഉക്രെയ്‌നിന്റെ കിഴക്കന്‍ അതിര്‍ത്തിക്ക് സമീപവും ക്രിമിയയുടെ അനുബന്ധ ഉപദ്വീപിലും 'അസാധാരണമായ റഷ്യന്‍ സൈനിക പ്രവര്‍ത്തനം നടക്കുന്നതായും യുഎസ് പൗരന്മാരോട് അവിടേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി.

അതിര്‍ത്തിയിലെ സുരക്ഷാ വ്യവസ്ഥകള്‍ എതു നിമിഷവും മാറിയേക്കാമെന്ന് പൗരന്മാരെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് യു.എസ്. എംബസിയുടെ അറിയിപ്പ്.

2014-ല്‍ ക്രിമിയന്‍ പെനിന്‍സുല പിടിച്ചെടുക്കുകയും രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ പിന്തുണക്കുകയും ചെയ്തതുപോലെ, ജനുവരിയിലോ ഫെബ്രുവരി ആദ്യമോ റഷ്യ ആക്രമിച്ചേക്കുമെന്ന് ഈ ആഴ്ച തന്ത്രപ്രധാനമായ യുഎസ് സഖ്യകക്ഷിയായ ഉക്രൈന്‍ പരസ്യപ്പെടുത്തിയതോടെയാണ് പുതിയ മുന്നറിയിപ്പുകള്‍.  മുന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 14,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

10 വര്‍ഷത്തിനുള്ളില്‍ രണ്ടാമതും സമാനമായ ഭൂമി കൈയേറ്റം ഉണ്ടായാല്‍ അത് ആഗോളതലത്തില്‍ പ്രത്യാഘാതമുണ്ടാക്കും. കൂടാതെ റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ വന്‍ സൈനിക സംഘട്ടനത്തിനും ഭൗമരാഷ്ട്രീയ കലഹത്തിനും കാരണമാകും.

2014-ല്‍ റഷ്യ അതിര്‍ത്തിയിലൂടെ സൈനിക ശേഖരണം നടത്തുകയും പരമാധികാരമുള്ള ഉക്രേനിയന്‍ പ്രദേശത്തേക്ക് കടന്നുകയറുകയും അവിടുത്തെ ജനങ്ങള്‍ പ്രകോപിതരാണെന്ന് തെറ്റായി അവകാശപ്പെടുകയും അത് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ട് നടത്തിയ ഗുരുതരമായ തെറ്റ് റഷ്യക്ക് വീണ്ടും സംഭവിച്ചേക്കാമെന്നതാണ് തങ്ങളുടെ ആശങ്കയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഈ മാസം ആദ്യം പറഞ്ഞു.

റഷ്യയുടെ ഭാഗത്തുനിന്ന് ഒരു സൈനിക നടപടി ഉണ്ടായാല്‍ ബൈഡന്‍ ഭരണകൂടം അതില്‍ നിന്ന് മാറിനില്‍ക്കുകയില്ലെന്ന സൂചനയാണ് യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. റഷ്യയുടെ കുതന്ത്രങ്ങളെ നേരിടാനുള്ള പുറപ്പാടിലാണ് ബ്ലിങ്കന്റെ നീക്കമെന്നും സൂചനയുണ്ട്.

''ഉക്രെയ്‌നില്‍ നിന്നോ മറ്റേതെങ്കിലും രാജ്യത്തില്‍ നിന്നോ ചില തെറ്റായ വാര്‍ത്തകളോ സംഭവങ്ങളോ ഉദ്ധരിച്ച് റഷ്യ എല്ലായ്‌പ്പോളും ചെയ്യുന്ന കളികളെക്കുറിച്ച് നന്നായി അറിയാമെന്ന് സെനഗലിലേക്കുള്ള യാത്രയ്ക്കിടെ ബ്ലിങ്കെന്‍ പറഞ്ഞു.

സൈനിക ഉപദേഷ്ടാക്കളെയും പുതിയ ആയുധശേഖരവും ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് അയക്കുന്നത് ഉള്‍പ്പെടെ ക്രെംലിനിനെ തടയാനുള്ള മറുതന്ത്രങ്ങളെക്കുറിച്ച് ബൈഡന്‍ ഭരണകൂടം ആലോചിക്കുന്നതായും ഈ ആഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Other News