പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അലങ്കോലമാക്കി


JUNE 2, 2019, 5:06 PM IST

ഇസ്ലാമാൈാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അലങ്കോലമാക്കി. ഇഫ്താര്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇഫ്താര്‍ വിരുന്നിനെത്തിയ നിരവധി അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി.


ശനിയാഴ്ച  ഇസ്ലാമാബാദിലെ ഹോട്ടല്‍ സെറീനയിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പരിപാടിക്കെത്തിയ അതിഥികളോട് സുരക്ഷാ പരിശോധനയുടെ പേരില്‍ പാക് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. അതിഥികളില്‍ പലര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദ്ദനവുമേറ്റു. അതിഥികള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ പിന്നീട് ഖേദപ്രകടനം നടത്തി.


എല്ലാ അതിഥികളോടും താന്‍ ക്ഷമ ചോദിക്കുകയാണെന്നും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുള്ള നീക്കം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും അജയ് ബിസാരിയ പറഞ്ഞു. പാക്കിസ്ഥാന്‍ നടത്തിയത് നയതന്ത്ര അടിസ്ഥാന തത്വങ്ങളുടെ ലംഘനം മാത്രമല്ലെന്നും മറിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന് എതിരായ നീക്കമാണെന്നും പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.

Other News