സൗദിയില്‍ വനിതകള്‍ക്കുള്ള അവസാന നിയന്ത്രണവും നീങ്ങുന്നു:സ്വതന്ത്രമായി പാസ്പോര്‍ട്ട് എടുക്കാനും യാത്ര ചെയ്യാനും അനുമതി


AUGUST 3, 2019, 1:47 AM IST

ജിദ്ദ: സൗദിയില്‍ സ്ത്രീകള്‍ക്ക് പുരുഷ​ന്റെ രക്ഷാകര്‍തൃത്വമില്ലാതെ പാസ്പോര്‍ട്ട് എടുക്കാനും വിദേശയാത്ര ചെയ്യാനും അനുവദിച്ച്‌ സുപ്രധാന ഉത്തരവ്​. ഇനി മുതല്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയും യാത്ര ചെയ്യുകയുമാവാം. 21 വയസ്​ പൂര്‍ത്തിയായ സ്ത്രീകള്‍ക്കാണ് ഇതിന് അവകാശം.

സല്‍മാന്‍ രാജാവാണ് ഉത്തരവിലൂടെ നിര്‍ണായക തീരുമാനമെടുത്തത്.വര്‍ഷങ്ങളായുള്ള സൗദി പൊതു പ്രവര്‍ത്തകരുടെ ആവശ്യം കൂടിക്കാണ് പുതിയ രാജ കല്‍പനയിലൂടെ അംഗീകാരം. ഉത്തരവോടെ രാജ്യത്ത് വനിതകള്‍ക്കുള്ള അവസാന നിയന്ത്രണവും നീങ്ങി. 

സ്​ത്രീകള്‍ക്ക് കുട്ടികളുടെ ജനനം രജിസ്​റ്റര്‍ ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷകര്‍തൃത്വം മാതാവിന്​ ഏറ്റെടുക്കാനും അവകാശം നൽകി.

നേരത്തെ വനിതകള്‍ക്ക്​ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുരുഷ​ന്റെ രക്ഷാകര്‍തൃത്വം ആവശ്യമായിരുന്നു. ഭര്‍ത്താവിന്റെയോ പിതാവിന്റെറയോ അനുമതി വേണമെന്നായിരുന്നു വ്യവസ്ഥ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെരക്ഷാകര്‍തൃത്വം പിതാവിന്​ മാത്രമാണ്​ ലഭിച്ചിരുന്നത്​.

സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയ നിയമം കഴിഞ്ഞ വര്‍ഷമാണ് നടപ്പിലായത്.സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ വിവിധ അന്താരാഷ്ട്ര സംഘടനകള്‍ സ്വാഗതം ചെയ്‌തു.

Other News