ഹജ്ജ് തീര്‍ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കിയാല്‍ 10 വര്‍ഷം ജയിലും ഒരു കോടി റിയാല്‍ പിഴയും ശിക്ഷ


JUNE 27, 2022, 8:15 AM IST

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാജ്യത്തെത്തുന്ന തീര്‍ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷാ നല്‍കാനൊരുങ്ങി സൗദി. തീര്‍ഥാടകരുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും ഒരു കോടി റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

തീര്‍ഥാടകര്‍ക്ക് മായം കലര്‍ന്നതും മോശവുമായ ഭക്ഷണം നല്‍കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതായി പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ നിയമലംഘകരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കും. ഭാവിയില്‍ ഭക്ഷ്യമേഖലയില്‍ ജോലിചെയ്യുന്നതില്‍നിന്ന് അവരെ തടയുകയും ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരു വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ജനലക്ഷങ്ങള്‍ രാജ്യത്തെത്തുന്ന തീര്‍ഥാടന കാലത്ത് ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനാ നടപടികള്‍ അധികൃതര്‍ ശക്തമാക്കിയിട്ടുണ്ടെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.

ഹജ്ജ് തീര്‍ഥാടകരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും ശക്തമായ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തീര്‍ഥാടകരില്‍ അവബോധം ഉയര്‍ത്തുന്നതിനും അവര്‍ക്ക് ആരോഗ്യ സംബന്ധിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ ഇവിടെ ആരംഭിച്ചു.

കൂടുതല്‍ തീര്‍ഥാടകരിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതിനായി അവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 12 ഭാഷകളിലാണ് ബോധവല്‍ക്കരണവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുക. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ഹിന്ദി, ബംഗാളി, മലായ് (മലേഷ്യ), ബഹാസ (ഇന്തോനീഷ്യ), ടര്‍ക്കിഷ്, സ്പാനിഷ്, റഷ്യന്‍, ചൈനീസ് എന്നീ ഭാഷകളിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കൂടെയെല്ലാം കുറിപ്പുകളായും സ്‌ക്രീനുകളില്‍ ദൃശ്യങ്ങളായും അനൗണ്‍സ്‌മെന്റുകളായും ബോധവല്‍ക്കരണം നടത്തും

Other News