പാക്കിസ്ഥാന് പലിശ രഹിത വായ്പ നല്‍കാന്‍ തയ്യാറല്ലെന്ന്  സൗദി 


MARCH 24, 2023, 11:50 PM IST

റിയാദ്: പാക്കിസ്ഥാന് സാമ്പത്തികമായി രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളിലുള്ള സഹായമോ പലിശ രഹിത വായ്പയോ നല്‍കുന്നതിന് സൗദി അറേബ്യ വിസമ്മതിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. 

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് പണം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് അന്താരാഷ്ട്ര നാണയ നിധിയുമായി (ഐ എം എഫ്) ചര്‍ച്ച നടത്താനും സാധ്യതയുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ വിശദമാക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് പാക്കിസ്ഥാനെ സഹായിക്കാന്‍ സൗഹൃദ രാഷ്ട്രങ്ങള്‍ പോലും വിമുഖത കാണിക്കുന്നതായി പാക് ധനമന്ത്രി അവകാശപ്പെടാന്‍ ഇത് കാരണമായി.

തങ്ങള്‍ ഏതെങ്കിലും സൗഹൃദ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യുമ്പോള്‍ പണം യാചിക്കാനാണ് അവരെ സമീപിക്കുന്നതെന്ന് രാജ്യങ്ങള്‍ കരുതുന്നതായി കഴിഞ്ഞ വര്‍ഷം ഒരു അഭിഭാഷക കണ്‍വെന്‍ഷനില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. 

പതിറ്റാണ്ടുകളായി പാകിസ്താന് സാമ്പത്തിക രക്ഷാപ്രവര്‍ത്തനങ്ങള്‍ സൗദി അറേബ്യ നിര്‍വഹിച്ചിരുന്നു. മാത്രമല്ല ദീര്‍ഘകാല വായ്പയില്‍ സൗദി അറേബ്യ പാകിസ്ഥാന്  ഇന്ധനവും നല്‍കിയിരുന്നു.

പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി ഡി എം) ഗവണ്‍മെന്റ് രാജ്യത്തിന് ആവശ്യമായ സാമ്പത്തിക സ്ഥിരത നല്‍കാനുള്ള തീവ്രശ്രമങ്ങള്‍ക്കിടയിലും ഐ എം എഫിന്റെ 6.5 ബില്യണ്‍ ഡോളറിന്റെ രക്ഷാപദ്ധതി അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍ പാകിസ്ഥാന്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുകയാണ്. പാകിസ്ഥാന് വായ്പാ പദ്ധതി പുന:രാരംഭിക്കുന്നതിന് ഐ എം എഫ് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ഇന്ത്യയും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലും (ജി സി സി) റിയാദില്‍ ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കന്നിയോഗത്തില്‍ ഇരുപക്ഷവും സ്വതന്ത്ര വ്യാപാര കരാറിന് (എഫ് ടി എ) പിന്തുണ നല്‍കി. 

ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഔസാഫ് സയീദും ജി സി സി സംഘത്തിന്  അബ്ദുല്‍ അസീസ് ബിന്‍ ഹമദ് അല്‍ ഒവൈഷാഖും നേതൃത്വം നല്‍കി. കൗണ്‍സിലിലെ ആറ് അംഗരാജ്യങ്ങളും യോഗത്തില്‍ പങ്കെടുത്തു.

2022 സെപ്തംബറില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ റിയാദ് സന്ദര്‍ശന വേളയില്‍ ഇന്ത്യ- ജി സി സി കണ്‍സള്‍ട്ടേഷന്‍ മെക്കാനിസം സംബന്ധിച്ച് ഒപ്പുവച്ച ധാരണാപത്രത്തിന് അനുസരിച്ചാണ് യോഗം നടന്നത്. ഇന്ത്യ- ജി സി സി സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം ഇരുപക്ഷവും അംഗീകരിച്ചതായി അധികൃതര്‍ പറഞ്ഞു.

പുനരുപയോഗ ഊര്‍ജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ഐ ടി മേഖല, തീവ്രവാദ വിരുദ്ധത എന്നിവയില്‍ ഇന്ത്യയും ജി സി സി രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം വേണമെന്ന് സയീദ് ആവശ്യപ്പെട്ടു. ഇന്ത്യയും ജി സി സി രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രത്യേക മേഖലകള്‍ നിറവേറ്റുന്നതിനായി സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ രൂപീകരണം ഇരുപക്ഷവും നിര്‍ദ്ദേശിച്ചു. ഈ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്‍കുകയും മുന്‍ഗണനാ മേഖലകളില്‍ ക്രമവും നിരന്തരവുമായ പുരോഗതി ഉറപ്പാക്കുകയും ചെയ്യും.

2021-22ല്‍ 154 ബില്യണ്‍ ഡോളറിന്റെ മൊത്തം വ്യാപാരവുമായി ജി സി സി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്.

പ്രാധാന്യമുള്ള പ്രാദേശിക വിഷയങ്ങളിലും ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Other News