നെതന്യാഹുവിന്റെ നിലപാടിനെ അറബ് ലോകം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് സൗദി


SEPTEMBER 12, 2019, 12:09 AM IST

ജിദ്ദ: വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരാഴ്ചക്കകം വെസ്റ്റ് ബാങ്കിലെ ജോര്‍ഡന്‍ താഴ്വര പിടിച്ചെടുക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രസ്താവനയെ സൗദി അറേബ്യ കടുത്ത ഭാഷയില്‍ അപലപിച്ചു. അറബ് ലോകത്ത് പല പ്രശ്നങ്ങളുമുണ്ടെങ്കിലും പലസ്തീന്‍ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് സൗദി വ്യക്തമാക്കി.

നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തില്‍ അറബ് ലോകം പതറില്ല. വിഷയം ചര്‍ച്ച ചെയ്യാനും വെല്ലുവിളി നേരിടാനും ഓര്‍ഗനൈസേഷന്‍ ഓഫ്  ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒ ഐ സി) അടിയന്തരയോഗം ചേരണമെന്ന് സൗദി റോയല്‍ കോര്‍ട്ട് ആവശ്യപ്പെട്ടു.

ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഉടന്‍ ചേര്‍ന്ന് സാഹചര്യങ്ങളെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കണം.പലസ്തീന്‍ ജനതക്കെതിരെയുള്ള അപകടകരമായ നീക്കമാണിത്. ലോകസമൂഹം ഇതിനെ തള്ളണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. എല്ലാവിധ അന്തരാഷ്ട്ര നിയമങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണിത്.പലസ്തീന്‍ ജനതയുടെ അജയ്യമായ അവകാശങ്ങളെ കവരാന്‍ അനുവദിച്ചുകൂടാ.

അതിനിടെ, മേഖലയിലെ സമാധാനം തിരിച്ചുപിടിക്കാനുള്ള അവസാന പ്രതീക്ഷക്ക് തുരങ്കം വെക്കുന്നതാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് െഎക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടു. ഇതിന് അന്താരാഷ്രട സമൂഹത്തിന്റെ പിന്തുണയുണ്ടാവില്ല. ഇസ്രായേലിന്റെ ഏകപക്ഷീയമായ നടപടികള്‍ സമാധാന നീക്കങ്ങള്‍ക്ക് ഒരു ഗുണവും ചെയില്ലെന്ന് യു എന്‍ വക്താവ് സ്റ്റെഫനെ ദുജ്ജറിക് വ്യക്തമാക്കി. സെപ്റ്റംബര്‍ 17 നാണ് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ്.

പ്രശ്നപരിഹാരം തടസ്സപ്പെടുത്തുക മാത്രമല്ല സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും തകര്‍ക്കുകയാണ് നെതന്യാഹുവെന്ന് പലസ്തീന്‍ വക്താവ് ഹനാന്‍ അഷ്റവി പറഞ്ഞു. 1967 ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്ന് ഭാഗവും ജോര്‍ഡന്‍ താഴ്വരയാണ്. സെപ്റ്റംബര്‍ 17 ലെ തെരഞ്ഞെടുപ്പിന് താന്‍ പ്രതിജ്ഞാബദ്ധമാണെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ ഒരാഴ്ചക്കകം വെസ്റ്റ് ബാങ്കിലുടനീളമുള്ള ഇസ്രായേല്‍ വാസസ്ഥലങ്ങള്‍ പിടിച്ചെടുക്കുമെന്നുമായിരുന്നു നെതന്യാഹുവിന്‍റെ പ്രസ്താവന.

Other News