കാലാവസ്ഥ അടിയന്തരാവസ്ഥ: മുന്നറിയിപ്പുമായി 11,258 ശാസ്‌ത്രജ്ഞർ; ഇത്തരമൊരു കൂട്ടായ്മ ചരിത്രത്തിലാദ്യം


NOVEMBER 7, 2019, 8:26 PM IST

ന്യൂയോർക്ക്:കാലാവസ്ഥ വ്യതിയാനം തടയാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ മനുഷ്യവംശത്തിന്റെ ഭാവി അപകടത്തിലെന്ന ആശങ്ക പങ്കുവച്ച്‌  ശാസ്‌ത്രസമൂഹം. ലോകം നിലവിൽ കാലാവസ്ഥ അടിയന്തരാവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നതെന്ന്‌ 153 രാജ്യങ്ങളിൽനിന്നുള്ള 11,258 ശാസ്‌ത്രജ്ഞർ മുന്നറിയിപ്പ്‌ നൽകി.

അമേരിക്കൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോളജിക്കൽ സയൻസസ്‌ പുറത്തിറക്കുന്ന ബയോസയൻസ്‌ എന്ന ജേണലാണ്‌ മുന്നറിയിപ്പ്‌ പ്രസിദ്ധീകരിച്ചത്‌. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ലോകരാജ്യങ്ങൾ ചേർന്ന്‌ അംഗീകരിച്ച പാരിസ്‌ ഉടമ്പടിയിൽനിന്ന്‌ പിൻവാങ്ങാൻ അമേരിക്ക യു എന്നിന്‌ നോട്ടീസ്‌ നൽകിയതിന്‌ പിറ്റേന്നാണ്‌ ജേണൽ പുറത്തിറങ്ങിയത്‌.

40 വർഷംമുമ്പ്‌ 50 രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞർ  ആദ്യലോക കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ നൽകിയ മുന്നറിയിപ്പ്‌ അടിയന്തര നടപടികൾ ആവശ്യമാക്കുന്നതായിരുന്നു എന്ന്‌ ശാസ്‌ത്രജ്ഞർ ഓർമിപ്പിച്ചു.  ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും വർധിച്ച തെളിവുകളുമുണ്ടായിട്ടും ആഗോള താപനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ പ്രസരണം കുതിച്ചുയരുകയാണ്‌. 

ഇത്‌ പരിഹരിക്കാൻ ആറ്‌ അടിസ്ഥാന നടപടികൾ ശാസ്‌ത്രജ്ഞർ ശുപാർശ ചെയ്‌തു. ഫോസിൽ ഇന്ധന ഉപയോഗവും മലിനീകരണവും കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ വൻതോതിൽ ഊർജ സംരക്ഷണ നടപടികൾ ആരംഭിക്കുക, കാർബൺ വലിച്ചെടുക്കുന്നതിൽ വനങ്ങൾ പ്രധാന പങ്കുവഹിക്കുന്നതിനാൽ സ്വാഭാവിക പ്രകൃതി സംരഷിക്കുക, പ്രധാനമായും സസ്യാധിഷ്‌ഠിത ഭക്ഷണക്രമത്തിലേക്ക്‌ മാറുക എന്നിവ ഇതിലുൾപ്പെടുന്നു. 

അടിസ്ഥാന ആവശ്യങ്ങൾക്കും അസമത്വം കുറയ്‌ക്കുന്നതിനും മുൻഗണന നൽകണം. അതുവഴി വർധിച്ച ഉപഭോഗത്തിനുമേൽ മനുഷ്യക്ഷേമം തെരഞ്ഞെടുക്കണം.ഇപ്പോൾ പ്രതിവർഷം എട്ട്‌ കോടി എന്ന നിരക്കിലുള്ള ജനസംഖ്യാ വർധന കുറച്ച്‌ സ്ഥിരത കൈവരിക്കണമെന്നും ശാസ്‌ത്രജ്ഞർ പറയുന്നു.

‘കാലാവസ്ഥാ അടിയന്തരാവസ്ഥയെക്കുറിച്ച്‌ ലോക ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്‌’ എന്ന പ്രബന്ധം സിഡ്‌നി സർവകലാശാല, ഒറിഗൺ സ്‌റ്റേറ്റ്‌ സർവകലാശാല, കേപ്‌ ടൗൺ സർവകലാശാല, ടഫ്‌റ്റ്‌സ്‌ സർവകലാശാല എന്നിവിടങ്ങളിലെ ചില ശാസ്‌ത്രജ്ഞർ ചേർന്നാണ്‌ എഴുതിയിത്‌. തുടർന്ന്‌ മറ്റ്‌ ശാസ്‌ത്രജ്ഞർ ഒപ്പിടുകയായിരുന്നു. ഇതാദ്യമായാണ്‌ ഇത്രയധികം ശാസ്‌ത്രജ്ഞർ അടിയന്തര പ്രാധാന്യംമാനിച്ച്‌ ഒന്നിച്ചുവരുന്നത്‌.

Other News