ഒറ്റ റോക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച സ്പേസ് എക്സിന് റെക്കോഡ്


JANUARY 28, 2021, 8:32 AM IST

വാഷിംഗ്ടണ്‍: ഒറ്റ റോക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്‌പേസ് എക്‌സ് റെക്കോഡ് സ്ഥാപിച്ചു. നേരത്തെ ഇന്ത്യയുടെ ഐഎസ് ആര്‍ഒ ആയിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്.  2017 ഫെബ്രുവരിയില്‍ പി.എസ്.എല്‍.വി-സി 37 റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്.

ഞായറാഴ്ച സ്പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് 143 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഒരു റോക്കറ്റില്‍ നൂറിലേറെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചവരുടെ ക്‌ളബില്‍ സ്‌പെയ്‌സ് എക്‌സും ഐ.എസ്.ആര്‍.ഒയും മാത്രം. 2014ല്‍ റഷ്യയുടെ നീപ്പര്‍ റോക്കറ്റ് 37ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്.ട്രാന്‍സ്പോര്‍ട്ടര്‍ 1 എന്ന ഈ ദൗത്യം സ്പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ശൃംഖലയ്ക്കായി 10 ഉപഗ്രഹങ്ങളും ഭൂമിയിലെ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ കൂട്ടമായ പ്ലാനറ്റ് ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്കായി 130 ഉപഗ്രഹങ്ങളും കാലാവസ്ഥാ നിരീക്ഷണത്തിന് ചെറിയ റഡാര്‍ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്ന ഐ. സി. ഇ. ഇയുടെ ഉപഗ്രഹവും ഉള്‍പ്പെടെയാണ് 143ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചത്.

ഐ.എസ്.ആര്‍.ഒയുടെ മാതൃകയില്‍ ചെലവുകുറഞ്ഞ വിക്ഷേപണത്തിന് സ്പേസ് എക്‌സ് 2019ല്‍ പ്രഖ്യാപിച്ച റൈഡ് ഷെയര്‍ പദ്ധതിയില്‍ ആദ്യത്തേതാണ് ട്രാന്‍സ്പോര്‍ട്ടര്‍ 1 മിഷന്‍. സ്മാര്‍ട്ട്ഫോണിനെ പോലെ ചെറുതും അടുക്കളയിലെ റഫ്രിജറേറ്ററിന്റെ അത്ര വലുതുമായ ഉപഗ്രഹങ്ങളുണ്ട്. പുതിയ വിപണിയാണ് ചെറിയ ഉപഗ്രഹവിക്ഷേപണങ്ങള്‍. ഒരു ഉപഗ്രഹം വിക്ഷേപിക്കാന്‍ വെറും പത്ത് ലക്ഷം ഡോളര്‍ ആണ് സ്പേസ് എക്‌സിന്റെ വാഗ്ദാനം.

പുനരുപയോഗ റോക്കറ്റായതിനാല്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് വെല്ലുവിളിയുമാകും.ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ചെറിയ റോക്കറ്റുകളുമായി ഡസന്‍കണക്കിന് കമ്പനികള്‍ രംഗത്തുണ്ട്. ഐ.എസ്.ആര്‍.ഒയും എസ്. എസ്.എല്‍.വി (സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ )? എന്ന പേരില്‍ 500കിലോയില്‍ കുറവുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാവുന്ന റോക്കറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അതിന്റെ വിക്ഷേപണം ആരംഭിക്കാനിരിക്കെയാണ് സ്പേസ് എക്‌സ് പണി തുടങ്ങിയത്. യൂറോപ്പിലെ റോക്കറ്റ് ലാബ്, വിര്‍ജിന്‍ ഓര്‍ബിറ്റ് എന്നിവയും ചെറിയ ഉപഗ്രഹവിക്ഷേപണ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.

Other News