സുമാത്രയിൽ ശക്തമായ ഭൂചലനം,സുനാമി മുന്നറിയിപ്പ്;ഇന്ത്യയ്ക്ക് ഭയപ്പെടാനില്ല 


AUGUST 2, 2019, 9:40 PM IST

സിംഗപ്പൂർ: ഇന്തോനേഷ്യയിലെ സുമാത്രയിൽ റിക്‌ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.അതേസമയം,അതിശക്തമായ ഭൂചലനവും സുനാമി മുന്നറിയിപ്പും ഇന്ത്യൻ തീരത്തുള്ളവർക്ക് ഭീതി ഉയർത്തുന്നതല്ലെന്ന് ദേശീയ  സമുദ്ര വിവര സേവന കേന്ദ്രം(INCOIS) വ്യക്തമാക്കി.

ഭൂചലനം സുമാത്ര, ജാവ ദ്വീപുകളിൽ അനുഭവപ്പെട്ടു. ഭൗമോപരിതലത്തിൽ നിന്നും 59 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കി. പ്രധാന നഗരമായ തെലുക് ബെതുംഗിൽ നിന്ന് 227 കിലോമീറ്റർ അകലെയാണിത്.

ബാന്റൺ പ്രവിശ്യയിലെ തീരപ്രദേശത്ത് താമസിക്കുന്നവരോട് ഉടൻ താമസം മാറാൻ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ വിഭാഗം നിർദേശിച്ചുനാശ നഷ്‌ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതിശക്തമായ ഭൂകമ്പത്തിന്റെ ആഘാതം  ഇന്തോനേഷ്യൻ  തലസ്ഥാനമായ ജക്കാർത്തയിൽ വരെ അനുഭവപ്പെട്ടു.

ഭൂചലനം ഇന്ത്യക്ക് വെല്ലുവിളിയല്ലെന്ന്  ദേശീയ  സമുദ്ര വിവര സേവന കേന്ദ്രം ഡയറക്‌ടർ  എസ് എസ്‌ സി ഷേണായി പറഞ്ഞു.  ദേശീയ  സമുദ്ര വിവര സേവന കേന്ദ്രവും ദേശീയ ഭൂചലന പഠന കേന്ദ്രവും കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.