മധ്യരേഖ ചൈന നിരവധി തവണ മറികടന്നെന്ന ആരോപണവുമായി തായ്‌വാന്‍


AUGUST 5, 2022, 10:11 PM IST

തായ്‌പേയ്: 68 ചൈനീസ് വിമാനങ്ങളും 13 യുദ്ധക്കപ്പലുകളും മധ്യരേഖ മറികടന്നതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈന ബോധപൂര്‍വ്വം രേഖ കടക്കുകയും തായ്‌വാന് ചുറ്റുമുള്ള കടലിലും ആകാശത്തിലും ഉപദ്രവങ്ങള്‍ നടത്തിയതിലും അപലപിക്കുന്നതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണമായാലും കടലിടുക്കിന്റെ മധ്യരേഖ ബോധപൂര്‍വ്വം മുറിച്ചു കടന്നാലും ചൈനീസ് സൈനികാഭ്യാസം പ്രകോപനപരമായ പ്രവര്‍ത്തിയാണെന്നും തായ്‌വാന്‍ പറഞ്ഞു.  തായ്‌വാനേയും ചൈനയേയും വേര്‍തിരിക്കുന്ന തായ്‌വാന്‍ കടലിടുക്കിന് നടുവിലൂടെ കടന്നുപോകുന്ന അനൗദ്യോഗിക അതിര്‍ത്തിയാണ് മധ്യരേഖ. 

യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ ചൈന തായ്‌വാനു നേരെ വലിയ സൈനികാഭ്യാസങ്ങളാണ് നടത്തുന്നത്. 

സൈനിക ജെറ്റുകളും കപ്പലുകളും മധ്യരേഖ കടക്കുന്നത് നേരത്തെ അപൂര്‍വ്വമായിരുന്നു. എങ്കിലും 2020ല്‍ സാങ്കല്‍പ്പിക അതിര്‍ത്തി നിലവിലില്ലെന്ന് ബീജിംഗ് പ്രഖ്യാപിക്കുകയും കടന്നുകയറ്റങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. 

തായ്‌വാന്‍ കടലിടുക്ക് ഇടുങ്ങിയതായതിനാല്‍ വീതി ഏറ്റവും കുറഞ്ഞ ഭാഗത്ത് കേവലം 130 കിലോമീറ്റര്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ സൈനിക അഭ്യാസങ്ങളുടെ അപകട സാധ്യത വളരെ കൂടുമെന്നതിനാല്‍ ഇത്തരം അതിര്‍ത്തി കടക്കലുകള്‍ വലിയ സെന്‍സിറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയവെക്കും. സമീപ വര്‍ഷങ്ങളില്‍ ബീജിംഗ് തായ്‌പെയ്‌ക്കെതിരായ നുഴഞ്ഞു കയറ്റം വര്‍ധിപ്പിച്ചിട്ടുണ്ട്. 

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തായ്‌വാന്‍ റിപ്പോര്‍ട്ട് ചെയ്ത 49 നുഴഞ്ഞു കയറ്റങ്ങളില്‍ 44 എണ്ണം ചൈനീസ് വിമാനങ്ങള്‍ മധ്യരേഖ മുറിച്ുച കടന്നിരുന്നു.

Other News