അഫ്ഗാന്‍ വനിതാ ജൂനിയര്‍ നാഷണല്‍ വോളിബാള്‍ താരത്തെ താലിബാന്‍ കൊലപ്പെടുത്തിയെന്ന് പരിശീലക


OCTOBER 20, 2021, 7:54 PM IST

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ വനിതാ ജൂനിയര്‍ നാഷണല്‍ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലവെട്ടിക്കൊലപ്പെടുത്തിയെന്ന് പരിശീലകന്‍. മെഹജബിന്‍ ഹക്കിമി എന്ന താരത്തെയാണ് ഒക്ടോബര്‍ ആദ്യവാരത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് പരിശീലക പറഞ്ഞത്. പേര്‍ഷ്യന്‍ ഇന്‍ഡിപെന്റന്റ് എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. 

കൊലപാതകത്തെക്കുറിച്ച് സംസാരിക്കരുതെന്ന് ഭീകരര്‍ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടുതന്നെ ആരും പുറത്ത് പറഞ്ഞില്ലെന്നും പരിശീലക പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹക്കിമിയുടെ അറ്റുപോയ തലയുടെയും രക്തക്കറയുള്ള കഴുത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരിശീലകയുടെ വെളിപ്പെടുത്തല്‍.

അഷ്റഫ് ഗനി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് മുമ്പ് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിനായി മെഹജബിന്‍ ഹക്കീമി ജേഴ്‌സിയണിഞ്ഞിരുന്നു.  

കാബൂളിന്റെ നിയന്ത്രണം താലിബാന്‍ കയ്യടക്കുന്നതിന് മുമ്പ്  ടീമിലെ രണ്ട് കളിക്കാര്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളൂവെന്നും അഫ്ഗാന്‍ വനിതാ ദേശീയ വോളിബോള്‍ ടീമിന്റെ പരിശീലക പറഞ്ഞു.

മെഹജബിന്റെ ദുര്‍ഗതിയറിഞ്ഞ സഹതാരങ്ങളെല്ലാം ഒളിവിലാണ്.

1978ലാണ് അഫ്ഗാന്‍ ദേശീയ വനിതാ വോളിബോള്‍ ടീം രൂപീകരിച്ചത്. ഈയിടെ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനില്‍ സ്ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു.

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കി ഒരുമാസം പിന്നിടുന്ന ഘട്ടത്തില്‍ അഫ്ഗാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു.

Other News