സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ ആക്രമിച്ചു


OCTOBER 22, 2021, 7:32 AM IST

കാബൂള്‍: കാബൂളില്‍ വനിതകളുടെ പ്രതിഷേധറാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ താലിബാന്റെ ക്രൂരമായ ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അനുമതി ആവശ്യപ്പെട്ട് കാബൂളിലെ വിദ്യാഭ്യാസമന്ത്രായലത്തിലേക്ക് ഇരുപതോളം വനിതകള്‍ അടങ്ങിയ സംഘം നടത്തിയ പ്രതിഷേധത്തിനിടയിലായിരുന്നു ആക്രമണം.

തങ്ങള്‍ക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം ലംഘിക്കരുതെന്നും വിദ്യാഭ്യാസത്തില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്നും ആവശ്യപ്പെട്ടാണ് വനിതകള്‍ പ്രതിഷേധിച്ചത്.

താലിബാന്‍ അധികൃതര്‍ സ്ത്രീകളെ ഒന്നര മണിക്കൂറോളം സ്വതന്ത്രമായി നടക്കാന്‍ അനുവദിച്ചു. പ്രതിഷേധകരെ തടയാന്‍ താലിബാന്‍ ശ്രമിച്ചില്ല. ഇതിനിടെ റാലിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച വിദേശ മാധ്യമപ്രവര്‍ത്തകനെ തോക്കുചൂണ്ടി താലിബാന്‍ ഭീകരര്‍ തടയുകയായിരുന്നു.

ഏതാനും മാധ്യമപ്രവര്‍ത്തകര്‍ കൂടി സംഭവം പകര്‍ത്താന്‍ ശ്രമിച്ചതോടെ താലിബാന്‍ ആക്രമണം ഭീകരര്‍ അവര്‍ക്കുനേരെ ആക്രമണം ആരംഭിച്ചു. വിദേശമാധ്യമപ്രവര്‍ത്തകരെ തോക്കിന്റെ പാത്തി കൊണ്ടു അടിക്കുകയും ചവിട്ടുകയുമായിരുന്നു. അഞ്ചോളം മാധ്യമപ്രവര്‍ത്തരെ ഭീകരര്‍ മര്‍ദിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

താലിബാന്‍ ആരെയും ബഹുമാനിക്കുന്നില്ലെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ യുവതി പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കണം. എന്നാല്‍ താലിബാന്‍ ഈ അവകാശം ഞങ്ങളില്‍ നിന്ന് എടുത്തുകളഞ്ഞിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ഒരു മാസത്തിലേറെയായി ആണ്‍കുട്ടികളുടെ സ്‌കൂള്‍ തുറന്നിട്ടും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ പോകുന്നത് താലിബാന്‍ തടഞ്ഞിരിക്കുകയാണ്. സ്ത്രീകളെ ജോലികള്‍ക്കുപോകാനും ഒറ്റയ്ക്ക് ടാക്‌സികളില്‍ സഞ്ചരിക്കാനും താലിബാന്‍ അനുവദിക്കുന്നില്ല.

Other News