കാബൂളില്‍ താലിബാന്‍ ചാവേര്‍ സ്‌ഫോടനം; 10 മരണം


SEPTEMBER 5, 2019, 7:24 PM IST

കാബൂള്‍:  മധ്യ കാബൂളില്‍ നടന്ന താലിബാന്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാന്റെ നാറ്റോ സേനയുടെയും യുഎസ് എംബസിയുടെയും ആസ്ഥാനത്തിന് സമീപം നടന്ന സ്‌ഫോടനത്തില്‍ നിരവധി കാറുകളും കടകളും കത്തി നശിച്ചു.

താലിബാന്‍ സുരക്ഷാ ഗ്യാരന്റിക്ക് പകരമായി യുഎസ് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് കലാപകാരികളും യുഎസ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തുന്നതിനിടെനടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

10 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത് റഹിമി പറഞ്ഞു. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

നാറ്റോ ഓഫീസിനും യുഎസ് എംബസിക്കും സമീപമുള്ള റോഡിലെ ഒരു ചെക്ക് പോയിന്റില്‍ നടന്ന സ്ഫോടനത്തില്‍ തകര്‍ന്ന കാറുകളുടെയംു കടകളുടെയും ചിത്രങ്ങളും വീഡിയോ ഫൂട്ടേജുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സംഭവ സ്ഥലം സുരക്ഷാ സേനയുടെ വലയത്തിലാണ്.

സമീപത്ത് നില്‍ക്കുകയോ റോഡ് മുറിച്ചുകടക്കുകയോ ചെയ്യുന്നതിനിടെ ചാവേര്‍ ബോംബര്‍ സ്വയം പൊട്ടിത്തെറിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.

Other News