കാബൂള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് : താലിബാനുമായി യുഎഇ ചര്‍ച്ച നടത്തി


NOVEMBER 25, 2021, 7:40 AM IST

കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തിന്റെ തുടര്‍ പ്രവര്‍ത്തനം സംബന്ധിച്ച് താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തി യു.എ.ഇ ഭരണകൂടം. യു.എസ് സേനാപിന്മാറ്റവുമായി ബന്ധപ്പെട്ട് കേടുപാടുകള്‍ സംഭവിച്ച വിമാനത്താവളം വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയത് ഖത്തറിന്റേയും തുര്‍ക്കിയുടേയും സഹായത്തോടെയായിരുന്നു.

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും താലിബാന്‍ ഇതുവരെ ഔദ്യോഗിക കരാറിലേര്‍പ്പെട്ടിട്ടില്ല.

ഇതിനിടയിലാണ് വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് യു.എ.ഇ അധികൃതര്‍ താലിബാന്‍ നേതാക്കളുമായി മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തുന്നത്. കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി മറ്റു രാജ്യങ്ങളുടെ സാങ്കേതിക സഹായം താലിബാന് ആവശ്യമാണെങ്കിലും വിമാനത്താവളത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഏതെങ്കിലും വിദേശരാജ്യത്തിന് കൈമാറുന്നതില്‍ അഫ്ഗാന്‍ ഭരണകൂടത്തിന് താത്പ്പര്യമില്ല.

അതേ സമയം യുദ്ധത്തെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന അഫ്ഗാന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ യു.എ.ഇ ഭരണകൂടത്തോട് താലിബാന്‍ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Other News