പ്രവാചകനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കഴുത്തറുത്ത് കൊന്ന സംഭവം; ഇസ്ലാമിക തീവ്രവാദമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 


OCTOBER 17, 2020, 11:18 PM IST

ഫ്രാന്‍സ്: ഇസ്‌ലാം മതവിശ്വാസപ്രകാരം പ്രവാചകനായ മുഹമ്മദിന്റെ കാരിക്കേച്ചര്‍ ക്ലാസില്‍ കാണിച്ചുവെന്നാരോപിച്ച് പാരിസിലെ സ്‌കൂളില്‍ അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.

അദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവം ഇസ്‌ലാമിക തീവ്രവാദമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഫ്രഞ്ച് ജനത ഒരുമിച്ച് നിന്ന് തീവ്രവാദത്തെ എതിര്‍ക്കേണ്ടതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഫ്രാന്‍സില്‍ ഇത് രണ്ടാമത്തെ സംഭവമാണെന്നും മാക്രോൺ സൂചിപ്പിച്ചു. വിശ്വാസിയാവാനും ആവാതിരിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവര്‍ക്കുമുണ്ട്. എന്നാൽ ആ അവകാശത്തിനെതിരെ അക്രമം ഉണ്ടാവുന്നത് തീര്‍ച്ചയായും തടയും പ്രസിഡന്റ്  പറഞ്ഞു.

മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ നേരത്തേ വിവാദത്തിലായ ഷാർലി എബ്ദോ എന്ന ഫ്രഞ്ച് മാസികയിലെ കാരിക്കേച്ചര്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തുവെന്ന് ആരോപിച്ചാണ് യുവാവ് അദ്ധ്യാപകനെ കഴുത്തറുത്തു കൊന്നതെന്ന് പൊലീസ് പറഞ്ഞു. കാർട്ടൂൺ പ്രസിദ്ധീകരിച്ച ഷാർലി എബ്ദോ മാസികയ്ക്ക് നേരെ മുൻപ് അല്‍-ഖ്വയ്ദ ആക്രമണം നടത്തിയിരുന്നു.

കൊലപാതകം നടത്തിയയാളെ പൊലീസ് പിന്തുടര്‍ന്ന് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയുടെ കഴുത്തില്‍ സ്‌കൂളിലെ ഐ.ഡി കാര്‍ഡ് ഉണ്ടായിരുന്നതായും എന്നാല്‍ ഇയാള്‍ സ്‌കൂളിലെ ജോലിക്കാരനല്ലെന്ന് സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു.

അധ്യാപകന്‍ കാരിക്കേച്ചര്‍ ക്ലാസില്‍ അവതരിപ്പിച്ചതില്‍ ചില രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. തീവ്രവാദ വിരുദ്ധ സെല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തും.

.

Other News