അഫ്ഗാനിസ്ഥാനിലെ യു.എസ് അംബാസഡര്‍ സല്‍മെയ് ഖലീല്‍സാദ് രാജിവെച്ചു


OCTOBER 19, 2021, 8:34 AM IST

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ യു.എസ് പ്രധാന പ്രതിനിധി സല്‍മെയ് ഖലീല്‍സാദ് സ്ഥാനമൊഴിയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് പിന്‍വാങ്ങി താലിബാന്‍ രാജ്യം ഏറ്റെടുത്തതിന് രണ്ട് മാസം തികയുന്നതിനുള്ളിലാണ് സല്‍മെയ് ഖലീല്‍സാദ് സ്ഥാനമൊഴിയുന്ന വിവരം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച പുറത്തുവിട്ടത്.

ഖലീല്‍സാദിന് പകരം അദ്ദേഹത്തിന്റെ ഡെപ്യൂട്ടി, ടോം വെസ്റ്റ് ആയിരിക്കും അഫ്ഗാനിസ്ഥിനിലെ പ്രധാന പ്രതിനിധിയാവുകയെന്ന്  സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുഎസ് താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി വെസ്റ്റ് ഇപ്പോള്‍ ദോഹയില്‍ സ്ഥിതിചെയ്യുന്ന യുഎസ് എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.

ഖലീല്‍സാദ് വെള്ളിയാഴ്ചയാണ് തന്റെ രാജിക്കത്ത് കൈമാറിയതെന്ന്  വിഷയവുമായി ബന്ധമുള്ള ഒരാള്‍ പറഞ്ഞു.

യുഎസ് പിന്മാറ്റത്തിന് ശേഷം  താലിബാനുമായി ബൈഡന്‍ ഭരണകൂടം ദോഹയില്‍ ഒക്ടോബറില്‍ നടത്തിയ ആദ്യത്തെ ഔപചാരിക ചര്‍ച്ചയില്‍ നിന്ന് സല്‍മെയ് ഖലീല്‍സാദ് പുറത്തായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍.

അഭിപ്രായത്തിനുള്ള അഭ്യര്‍ത്ഥനയോട് ഖലീല്‍സാദ് ഉടന്‍ പ്രതികരിച്ചില്ല.

അഫ്ഗാനിസ്ഥാനില്‍ ജനിച്ച ഖലീല്‍സാദ് 2018 മുതല്‍ ഈ സ്ഥാനം വഹിച്ചുവരികയായിരുന്നു. ഈ വര്‍ഷം യുഎസ് സേനയെ പിന്‍വലിക്കുന്നനു കാരണമായ ഫെബ്രുവരി 2020 ഉടമ്പടിക്ക് വേണ്ടി താലിബാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതും ഖലീല്‍സാദ് ആയിരുന്നു.

പിന്നീട് അദ്ദേഹം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പാശ്ചാത്യ പിന്തുണയുള്ള ഗവണ്‍മെന്റും കടുത്ത ഇസ്ലാമിക പ്രസ്ഥാനവും തമ്മില്‍ പതിറ്റാണ്ടുകളായി തുടരുന്ന കലഹത്തിന് ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പ് ഉണ്ടാകുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ഓഗസ്റ്റ് പകുതിയോടെ, താലിബാന്‍ രാജ്യം മുഴുവന്‍ ആഞ്ഞടിക്കുകയും തലസ്ഥാനമായ കാബൂളിലേക്ക് എതിരില്ലാതെ മുന്നേറ്റം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തകര്‍ന്നു. ഖലീല്‍സാദ് അമേരിക്കന്‍ പൗരന്മാരെയും യുഎസ് ഗവണ്‍മെന്റിനായി ജോലി ചെയ്തിരുന്ന അഫ്ഗാനികളെയും അമേരിക്കയില്‍ നിന്ന് ഒഴിപ്പിക്കുന്നതില്‍ തീവ്രവാദികളുടെ സഹായം തേടി.

മൂന്ന് വര്‍ഷമായി ഖലീല്‍സാദ് ഈ റോളില്‍ ഉണ്ടായിരുന്നെങ്കിലും, സമീപകാലത്തെ ഏറ്റവും വലിയ യുഎസ് നയതന്ത്ര പരാജയങ്ങളിലൊന്നായി അദ്ദേഹം മാറി-നിലവിലെ, മുന്‍ യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു,

താലിബാന് മേല്‍ക്കൈ ഉണ്ടായിരുന്ന അഫ്ഗാന്‍ രാഷ്ട്രീയത്തെ ഗൗരവത്തില്‍ കണ്ട് നടപടികള്‍ നീക്കുന്നതില്‍ മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞന്‍ പരാജയമായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ നിലപാട് അഫ്ഗാന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി. യുഎസ് സര്‍ക്കാരിനുള്ളിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ കേള്‍ക്കാന്‍ അദ്ദേഹം താല്‍പ്പര്യപ്പെട്ടില്ലെന്നും പറയുന്നു.

ഖലീല്‍സാദിന്റെ രാജിയെക്കുറിച്ച് സിഎന്‍എന്‍ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

Other News