ആരോഗ്യപ്രദമായ ശരീരത്തിനു പിന്നില്‍ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കും സ്ഥാനമുണ്ട്. വറുത്തതും പൊരിച്ചതും മാത്രമല്ല പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ ആരോഗ്യകരമായ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഹെല്‍ത്തി ഡയറ്റ് പിന്തുടരാനുള്ള ശ്രമത്തിലാണെങ്കില്‍ ട്രാന്‍സ് ഫാറ്റുകളെ പരമാവധി ഒഴിവാക്കണം. വണ്ണം കൂടുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും പിന്നില്‍ ട്രാന്‍സ് ഫാറ്റുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ട്രാന്‍സ്ഫാറ്റുകള്‍ അമിതമായി ശരീരത്തില്‍ എത്തുക വഴി പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യത ഏറുന്നുണ്ട്.
ലോകത്ത് അഞ്ച് ബില്യണ്‍ ജനങ്ങള്‍ ഹൃദ്രോഗത്തിനും ട്രാന്‍സ് ഫാറ്റ് മൂലമുള്ള മരണത്തിനും സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന ട്രാന്‍സ്ഫാറ്റ് പോലുള്ള കൊഴുപ്പുകള്‍ നിരോധിക്കാന്‍ ഗവണ്മെന്റുകള് കൂടുതല്‍ കര്‍ശന നടപടികളെടുക്കണമെന്ന് 2022 ലെ ആഗോള ട്രാന്‍സ്ഫാറ്റ് നിര്‍മാര്‍ജനത്തെക്കുറിച്ചുള്ള ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നറിയപ്പെടുന്ന വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന ട്രാന്‍സ് ഫാറ്റ് ഇല്ലാതാക്കുന്നതിനുള്ള മികച്ച നയങ്ങള്‍ നടപ്പിലാക്കിയ 43 രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയുണ്ട്.
''ട്രാന്‍സ് ഫാറ്റിന് അറിയപ്പെടുന്ന പ്രയോജനമൊന്നുമില്ല, ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ ചിലവുകള്‍ വരുത്തുന്ന വലിയ ആരോഗ്യ അപകടങ്ങളുണ്ടാക്കുമെന്നും ' ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ആഗോള ട്രാന്‍സ് ഫാറ്റ് ഉപഭോഗം ഓരോ വര്‍ഷവും കൊറോണറി ഹൃദ്രോഗം മൂലം 500,000 അകാല മരണങ്ങള്‍ക്ക് കാരണമാകുന്നു. കൃത്രിമ ട്രാന്‍സ് ഫാറ്റ് മോശം കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ധമനികളില്‍ അടിഞ്ഞുകൂടുകയും ഹൃദ്രോഗവും ഹൃദയാഘാതവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഹൃദയാഘാതം, സ്ട്രോക്ക്, അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി അപകകരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒന്നുകില്‍ ഭാഗികമായി ഹൈഡ്രജനേറ്റഡ് ഓയിലുകള്‍ നിരോധിക്കുക, അല്ലെങ്കില്‍ എല്ലാ ഭക്ഷണങ്ങളിലും 100 ഗ്രാം കൊഴുപ്പിന് രണ്ട് ഗ്രാമായി വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന ട്രാന്‍സ് ഫാറ്റുകളെ പരിമിതപ്പെടുത്തുക ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മിക്ക പാക്കറ്റ് ഫുഡുകളിലും ട്രാന്‍സ് ഫാറ്റ് അടക്കമുള്ള ദോഷകരമായ കൊഴുപ്പുകളുടെ സാന്നിധ്യവും ഉണ്ട്. ട്രാന്‍സ് ഫാറ്റുകളെ എങ്ങനെ ഡയറ്റില്‍ നിന്നൊഴിവാക്കാം എന്നു ചിന്തിക്കുന്നവരും ഉണ്ടാകും. അതിനായി ചില ടിപ്സ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പങ്കുവെച്ചിരുന്നു. ട്രാന്‍സ് ഫാറ്റുകളുടെ അളവ് ഭക്ഷണത്തില്‍ രണ്ടു ശതമാനത്തില്‍ കൂടരുതെന്ന നിര്‍ദേശവുമുണ്ട്.
ടിപ്സ്
ഉത്പന്നത്തിന്റെ ട്രാന്‍സ് ഫാറ്റ് അളവിനെക്കുറിച്ച് വ്യക്തമാക്കുന്ന ന്യൂട്രീഷ്യന്‍ ഇന്‍ഫര്‍മേഷന്‍ പാനല്‍ പരിശോധിക്കുക
ന്യൂട്രീഷന്‍ ലേബല്‍ വ്യക്തമാക്കിയിട്ടുള്ള പാക്കേജ് ഫുഡ് മാത്രം വാങ്ങുക
പാക്ക് ചെയ്ത ഫുഡിലെ ചേരുവകള്‍ പരിശോധിക്കുക. ഭാഗികമായി ഹൈഡ്രോജിനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ അഥവാ ഹൈഡ്രോജിനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ എന്നീ ലേബലുകള്‍ ട്രാന്‍സ് ഫാറ്റുകളുടെ ഉറവിടങ്ങളാണ്.
ട്രാന്‍സ് ഫാറ്റ് ഫ്രീ ലോഗോ പരിശോധിച്ചും ഭക്ഷണം വാങ്ങാം. 100 ഗ്രാം ഭക്ഷണത്തില്‍ 1.2 ഗ്രാം ട്രാന്‍സ് ഫാറ്റ് എന്നിങ്ങനെ.
ബിസ്ക്കറ്റ്, ചിപ്സ് പോലുള്ള പ്രൊസസ്ഡ് ഭക്ഷണങ്ങളും ബേക് ചെയ്തവയും കുറയ്ക്കാം.
പുറത്തു നിന്നു ഭക്ഷണം കഴിക്കുമ്പോഴോ ഓര്‍ഡര്‍ ചെയ്യുമ്പോഴോ ആ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചിട്ടുള്ള ഫാറ്റ് ഏതു വിധമാണെന്ന് പരിശോധിക്കുക.
പാറ്റി, ഫ്രഞ്ച് ഫ്രൈസ്, ബട്ടൂര തുടങ്ങിയ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.